വൈറസിന് മതം വേണ്ട; കോവിഡ് കേസുകളില്‍ ഇനി തബ്‌ലീഗ് ബന്ധം പറയില്ലെന്ന് തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് കേസുകളില്‍ ഇനി മുതല്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായുള്ള ബന്ധം പരാമര്‍ശിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തിനു നേരെ വ്യാപക പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പളനിസാമി സര്‍ക്കാറിന്റെ തീരുമാനം.
കോവിഡ് അവലോകന യോഗത്തിന് ശേഷം ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. ബീല രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മഹാമാരിയെ സാമുദായികവല്‍ക്കരിക്കരുത് എന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധയേല്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. കൂടുതല്‍ അനുകമ്പയോടെ പെരുമാറാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.


‘ആരെയാണ് അസുഖം ആക്രമിക്കുക എന്ന് ആര്‍ക്കും അറിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അസുഖം വരുന്നു. മനഃപൂര്‍വ്വം അതു വരണമെന്ന് ആരും ആഗ്രഹിക്കില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് അസുഖം പകര്‍ന്നത് എന്ന് പറയാനുള്ള സ്ഥിതിയിലല്ല ഇപ്പോള്‍. ഒരു സ്രോതസ്സില്‍ നിന്നാണ് (നിസാമുദ്ദീന്‍ മര്‍ക്കസ്) അസുഖം വന്നത് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ പങ്കെടുത്തവരോട് വേഗത്തില്‍ മുമ്പോട്ടു വന്ന് ചികിത്സയ്ക്ക് വിധേയരാകാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’ – ഡോ. ബീല പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഇന്ന് 50 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 48 പേരും തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത 621 ല്‍ 570 കേസുകള്‍ക്കും മതസമ്മേളനവുമായി ബന്ധമുണ്ട്.
621 കേസുകളില്‍ എട്ടു പേര്‍ രോഗമുക്തി നേടി. ആറു പേര്‍ മരിച്ചു. 72,791 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളത് 1766 പേര്‍. ഇതുവരെ 5015 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.