കട തുറന്ന് സാധനം നല്‍കിയില്ല; തമിഴ്‌നാട്ടില്‍ പതിനാലുകാരിയെ അക്രമികള്‍ തീവെച്ചു കൊന്നു

തമിഴ്‌നാട്ടില്‍ കട തുറന്ന് സാധനം നല്‍കാത്തതിനാല്‍ പതിനാലുകാരിയെ അക്രമികള്‍ തീവച്ചു കൊന്നു. വിഴുപുരത്താണ് സംഭവം. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കട തുറന്നു സാധനം നല്‍കാത്തതാണ് പ്രകോപനത്തിനു കാരണമെങ്കിലും പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന സിരുമധുരൈയ് കോളനിയില്‍ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം നടന്നത്. വിഴുപുരത്ത് ചെറിയ കട നടത്തുന്ന ജയബാല്‍ എന്നയാളുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. വീടിനു മുന്‍പിലുള്ള ചെറിയ കടയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നും യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

SHARE