ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായി; മൂന്ന് മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

ചെന്നൈ ശ്രീപെരുംപുതൂരില്‍ മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. വടമംഗലത്തെ അറുമുഖ(37)മാണ് മക്കളായ രാജേശ്വരി (12), ശാലിനി (10), സേതുരാമന്‍ (എട്ട്) എന്നിവരെ കൊന്നശേഷം വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.

ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പട്ടിണിയാണ് സംഭവത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം നടന്നുവരികയാണെന്ന് കാഞ്ചീപുരം പോലീസ് സൂപ്രണ്ട് ചാമുണ്ഡേശ്വരി പറഞ്ഞു.കൂലിത്തൊഴിലാളിയായ അറുമുഖത്തിന് ഒന്നര മാസമായി പണിയുണ്ടായിരുന്നില്ല. സ്വകാര്യ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഭാര്യ ഗോവിന്ദമ്മാള്‍ എന്ന തുളസിക്കും ഒന്നര മാസമായി ജോലിയില്ലായിരുന്നു.

കഴിഞ്ഞ കുറെ ദിവസമായി ഭക്ഷണത്തിനും മറ്റുമായി ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. പുതിയ ജോലി കണ്ടെത്താന്‍ കഴിയാതിരുന്നതു രണ്ടു പേരെയും മാനസികമായി തളര്‍ത്തി. ഗോവിന്ദമ്മാള്‍ ജോലി അന്വേഷിച്ച് രാവിലെ പുറത്തേക്കുപോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടത്. രാജേശ്വരിയെ കഴുത്തു ഞെരിച്ചും മറ്റു രണ്ടു കുട്ടികളെ കിണറ്റിലെറിഞ്ഞുമാണ് കൊന്നത്.ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജീവിതം ദുരിതപൂര്‍ണമായിരുന്നെന്ന് ഗോവിന്ദമ്മാള്‍ പോലീസിന് മൊഴിനല്‍കി.

SHARE