തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 70,000 കടന്നു. ഇതുവരെ 70,977 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3509 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 45 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 911 ആയി. ഏതാനും ദിവസങ്ങളായി 2000 നു മുകളിലാണ് തമിഴ്‌നാട്ടില്‍ ഓരോ ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ആദ്യമായാണ് കോവിഡ് രോഗികള്‍ 3500 കടക്കുന്നത്. 30,064 ആണ് തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്തുനിന്ന് (കുവൈത്ത് 13, ബെഹ്‌റൈന്‍ അഞ്ച്, സിംഗപ്പൂര്‍ രണ്ട്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ 41 പേര്‍ക്കും (കേരളം രണ്ട്, ഡല്‍ഹി എട്ട്, രാജസ്ഥാന്‍ ഏഴ്, ഹരിയാണ അഞ്ച്, മഹാരാഷ്ട്രാ അഞ്ച്, ഉത്തര്‍പ്രദേശ് നാല്, ബിഹാര്‍ മൂന്ന്, കര്‍ണാടക രണ്ട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒന്ന്, മധ്യപ്രദേശ് ഒന്ന്, ഒഡീഷ ഒന്ന്, ഉത്തരാഖണ്ഡ് ഒന്ന്, പശ്ചിമ ബംഗാള്‍ ഒന്ന്) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍മാര്‍ഗവും എത്തിയ 90 പേര്‍ക്കും (കേരളം 11, കര്‍ണാടക 32, രാജസ്ഥാന്‍ 11, മഹാരാഷ്ട്ര 10, ബിഹാര്‍ ആറ്, ഛത്തീസ്ഗഢ് ആറ്, ഡല്‍ഹി നാല്, മധ്യപ്രദേശ് മൂന്ന്, ആന്ധ്രാപ്രദേശ് രണ്ട്, ഉത്തര്‍പ്രദേശ് ഒന്ന്, ഒഡീഷ ഒന്ന്, പശ്ചിമ ബംഗാള്‍ ഒന്ന്, അസം ഒന്ന്, ഗുജറാത്ത് ഒന്ന്) രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

SHARE