അമേരിക്കയുമായി ഒപ്പിട്ട സമാധാനക്കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി

കാബൂള്‍: അമേരിക്കയുമായി സമാധാനക്കരാര്‍ ഒപ്പിട്ടു കഴിഞ്ഞ് 48 മണിക്കൂറിനകം കരാറില്‍ നിന്ന് ഭാഗികമായി പിന്മാറി താലിബാന്‍. കരാര്‍ പ്രകാരം വിദേശ സൈന്യങ്ങളുമായോ അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യവുമായോ ഏറ്റുമുട്ടല്‍ പാടില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുമെന്നാണ് ഇപ്പോള്‍ താലിബാന്‍ അറിയിച്ചിരിക്കുന്നത്. വിദേശ സൈന്യങ്ങളെ അക്രമിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കുന്നു. താലിബാന്‍ വിട്ടുകൊടുക്കില്ലെന്ന അഫ്ഗാന്‍ സര്‍ക്കാറിന്റെ നിലപാടിനെ തുടര്‍ന്നാണ് താലിബാന്റെ പിന്മാറ്റം.

കഴിഞ്ഞ ശനിയാഴ്ച ദോഹയില്‍വെച്ചാണ് ഇരുരാജ്യങ്ങളും സമാധാനക്കരാര്‍ ഒപ്പുവച്ചത്. ലോകം വലിയ പ്രതീക്ഷയോടെയായിരുന്നു ഈ കരാറിനെ വിലയിരുത്തിയത്. എന്നാല്‍ ഒപ്പുവച്ച് 48 മണിക്കൂര്‍ മുന്നെ തന്നെ താലിബാന്‍ ഭാഗികമായി പിന്മാറുന്നത് വലിയ ആശങ്കക്കിടയാക്കുന്നുണ്ട്.

അഫ്ഗാന്‍ സര്‍ക്കാരുമായി ഇനി ഒരു ചര്‍ച്ചക്കുമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്റെ പ്രഖ്യാപനം വന്ന് മണിക്കൂറിനുള്ളില്‍ അഫ്ഗാനിസ്ഥാനിലെ ഖൂസ്ത് മേഖലയിലെ ഫുട്‌ബോള്‍ മൈതാനത്ത് സ്‌ഫോടനം നടന്നു. മൂന്നു പേര്‍ മരിച്ചു. സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

താലിബാന്‍യു.എസ് കരാറില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഒരു കക്ഷിയല്ല. അതു കൊണ്ട് തന്നെ ഈ കരാര്‍ അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തരമായി എന്തു ഫലം ചെയ്യും എന്ന കാര്യത്തില്‍ നേരത്തെ ആശങ്കയുണ്ടായിരുന്നു. 18 വര്‍ഷത്തെ അഫ്ഗാന്‍ പ്രശ്‌നം അവസാനിപ്പിക്കാനാണ് അമേരിക്ക താലിബാനുമായുള്ള കരാറില്‍ ഒപ്പിട്ടത്. കരാറനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സഖ്യസേന 14 മാസത്തിനകം പിന്മാറുമെന്നാണ് ധാരണ.

മാര്‍ച്ച് പത്തിനാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥരും താലിബാനുമായുള്ള ചര്‍ച്ച നടക്കുന്നത്. ഇതുവരെ ഭാഗിക ഉടമ്പടി തുടരുമെന്ന് പ്രസിഡന്റ് അശ്‌റഫ് ഗനി അറിയിച്ചു.