ടി.എ അഹമ്മദ് കബീര്‍ സുഖം പ്രാപിക്കുന്നു

ടി.എ അഹമ്മദ് കബീര്‍

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോഴിക്കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സുഖം പ്രാപിക്കുന്നു. ആരോഗ്യാവസ്ഥ സാധാരണ നിലയിലായി. പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പ്രാതല്‍ കഴിച്ചു. പത്രങ്ങള്‍ വായിച്ചും മറ്റു വിരങ്ങളാരാഞ്ഞും ഉന്മേഷവാനായിരിക്കുന്നു. വിദഗ്ധ പരിശോധനാ ഫലങ്ങളും തൃപ്തികരമാണ്.

സംസ്ഥാന മുസ്ലിം യൂത്ത്‌ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അരമണിക്കൂറോളം നീണ്ട പ്രൗഢമായ പ്രമേയപ്രഭാഷണം നിര്‍വ്വഹിച്ച് ഇരുന്നയുടനെയാണു തളര്‍ച്ചയനുഭവപ്പെട്ടത്. ഒരുവശം കുഴയുന്നതായും സംസാരിക്കാന്‍ പ്രയാസം നേരിടുന്നതായും തോന്നി.

അരയിടത്തുപാലം ജങ്ക്ഷനിലെ വേദിക്കു തൊട്ടുമുന്നിലുള്ള ബേബി മെമ്മോറിയല്‍ ആസ്പത്രിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ തല്‍ക്ഷണം കബീര്‍ സാഹിബിനെ എത്തിച്ചു. നിമിഷങ്ങള്‍ക്കകം വിദഗ്ധ ചികിത്സ നല്‍കാനായത് അപകടനില അതിവേഗം തരണം ചെയ്യാന്‍ സഹായകമായി. വൈകാതെ ആസ്പത്രി വിടാനാവും.