സെന്‍സസ് വേറെ എന്‍.പി.ആര്‍ വേറെ

ടി.എ അഹ്മദ് കബീര്‍

2019 ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്വീകരിച്ച നിലപാട് ഉയര്‍ന്ന അളവുകോലുകളാല്‍ ഭരിതവും പ്രത്യാശാനിര്‍ഭരവുമായിരുന്നു. മതത്തെ മാനദണ്ഡമാക്കുന്ന ഏത് വിവേചനവും ആധുനിക രാഷ്ട്ര സങ്കല്‍പങ്ങളെ നിരാകരിക്കുന്നതാണെന്ന ശരിയായ വീക്ഷണം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഇതപര്യന്തം നിരാക്ഷേപം നിലനിന്നുപോന്ന രാഷ്ട്രഘടനയുടെ ആധാരശില ദുര്‍ബ്ബലമാക്കുന്ന ഒന്നും കേരളം സമ്മതിക്കുകയില്ലെന്ന സന്ദേശമാണ് അവര്‍ അതുവഴി രാജ്യത്തിന് നല്‍കിയത്. അത് ഗുണകരവും ഗുണപരവുമായ പ്രതിഫലനം രാജ്യത്ത് സൃഷ്ടിച്ചുവെന്ന് പില്‍ക്കാല ചലനങ്ങള്‍ വ്യക്തമാക്കി. മലയാളികളായ നാം അതില്‍ അഭിമാനിക്കുന്നു.
കേരളത്തിന്റെ പൊതുമണ്ഡലം കരുതലോടെ അനുവര്‍ത്തിച്ചുപോരുന്ന സമചിത്തതയിലും സഹവര്‍ത്തിത്വത്തിലും കാലൂന്നിനില്‍ക്കുന്ന, കൃത്യമായ ദേശീയബോധം ഇവരിലൂടെ അനാവൃതമായത് കേവലം യാദൃച്ഛികമല്ല. നാം കേരളം പണിതത് ആ അടിത്തറയിലായിരുന്നു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഏത് ഘട്ടത്തിലും വ്രതശുദ്ധിയോടെ ഈ നയം പിന്തുടരണമെന്ന് നാം ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ഏകശിലാരൂപമായ ഈ പൊതുജനാഭിപ്രായം അവരിലൂടെ അര്‍ത്ഥപൂര്‍ണ്ണമായി പ്രതിഫലിക്കപ്പെട്ടതില്‍ ഇരുവരും അഭിനന്ദനം അര്‍ഹിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തില്‍ സഗൗരവം കൈകാര്യം ചെയ്യേണ്ട മൗലിക വിഷയമാണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെന്‍സസ് പ്രവര്‍ത്തനവും എന്‍.പി.ആര്‍ നടപടികളും. പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സി ദേശീയ തലത്തില്‍ നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ കനത്ത ആശങ്കയും ധാരാളം സംശയങ്ങളും നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാനാവില്ല. ഓരോ പതിറ്റാണ്ടിലും പതിവായി നടന്നുവരുന്ന സാധാരണ നടപടിക്രമമായി ഇത്തവണത്തെ സെന്‍സസ് പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ കാണുന്നില്ല. പണ്ട് നാട്ടില്‍ ഒരംശം കോല്‍ക്കാരന്‍ നികുതി പിരിവിന്റെ ഭാഗമായി നടത്തിയിരുന്ന ജനന മരണ കണക്കെടുപ്പിനെ ജനങ്ങള്‍ ഇന്ന് ഭയത്തോടും സംശയത്തോടും നോക്കുന്നു. പലരും തീ തിന്ന് ജീവിക്കുന്നു. ദുസ്സഹമായ ഈ സാഹചര്യം എങ്ങനെ വന്നുചേര്‍ന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.
സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി തുടങ്ങിയ കേന്ദ്ര നിയമങ്ങളും തീരുമാനങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന പ്രസ്താവനകൊണ്ട് പ്രശ്‌നം അവസാനിക്കില്ല. സെന്‍സസ് ഭരണഘടനയിലെ ഏഴാം പട്ടികയില്‍പെടുന്ന അറുപത്തി ഒന്‍പതാം കേന്ദ്ര വിഷയമാണെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം. സെന്‍സസ് പ്രവര്‍ത്തനം ഫലപ്രദമായി നടത്താനുള്ള ഉദ്യോഗസ്ഥന്മാരെ നല്‍കുന്നതടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാനുള്ള നിയമം അനുശാസിക്കുന്ന ചുമതല മാത്രമാണ് സംസ്ഥാനം നിര്‍വഹിക്കുന്നത്. ഒരു ഫെഡറല്‍ വ്യവസ്ഥയില്‍ അവരവരുടെ അധികാരവും ചുമതലയും നിയമപരമായി നിര്‍വചിക്കപ്പെടുന്നുണ്ട്. അതൊന്നും ലംഘിക്കാനോ മറികടക്കാനോ ആകുമെന്ന് കരുതാനാവില്ല.
സെന്‍സസിന്റെ ഭാഗമായി എന്‍.പി.ആറിനുള്ള വിവരങ്ങല്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. നടപടിക്രമം അനുസരിച്ച് പ്രസ്തുത ഉത്തരവ് കേരള ഗസറ്റില്‍ 2019 ആഗസ്ത് 24 ന് പ്രസിദ്ധീകരിച്ച് കഴിഞ്ഞു. 2019 ആഗസ്ത് 21 ന് ജി.എ.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പ്‌വെച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നത് കേന്ദ്ര രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്‍.പി. ആര്‍ തയ്യാറാക്കാനും പുതുക്കാനുമായി ഇറക്കിയ 2019 ജൂലൈ 31 ലെ ഉത്തരവ് ജനങ്ങളെ അറിയിക്കുന്നു എന്നാണ്.
തുടര്‍ന്ന് 2019 സെപ്തംബര്‍ 21 ന് സെന്‍സസ് ഓഫീസര്‍മാരുടെ നിയമനം സംബന്ധിച്ച് വിശദമായ ഉത്തരവ് ആറാമത്തെ സര്‍ക്കുലറായി കേന്ദ്രം ഇറക്കി. അതില്‍ രണ്ട് ഘട്ടമായി നടക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.പി. ആര്‍ പുതുക്കുന്ന ജോലികൂടി നിര്‍വഹിക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ട്. അതിന്റെ നടപടികള്‍ തുടങ്ങിയിരിക്കുന്നു. ഉദ്യോഗസ്ഥന്മാരുടെ പരിശീലനം ആരംഭിക്കാറായി. 2020ലെ മാനുവലിലും സെന്‍സസ ിനൊപ്പം എന്‍.പി.ആര്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
2020 ജനുവരി ഏഴാം തീയതി ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറല്‍ ഇറക്കിയ ഉത്തരവില്‍ 1948 ലെ സെന്‍സസ് ആക്ടിലെ വകുപ്പ് മൂന്ന്, പതിനേഴ് (എ), 1990ലെ സെന്‍സസ് ചട്ടം 6 (എ) അനുസരിച്ച് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറയുന്നു. പ്രസ്തുത ആക്ടിലെ 8(1) വകുപ്പ് പ്രകാരം നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ മുഴുവന്‍ തന്റെ അധികാരപരിധിയില്‍വരുന്ന ജനങ്ങളോട് ഉന്നയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ നിയമപരമായി ബാധ്യസ്ഥരാകുന്നു. 8(2) പ്രകാരം ഉത്തരം നല്‍കാന്‍ ജനങ്ങള്‍ക്ക് ചുമതല ഉണ്ട്.
എന്‍.പി.ആര്‍ ചോദ്യാവലിയില്‍ യാതൊരാവശ്യവും ഇല്ലാത്തതും അപ്രസക്തമായതുമായ ഇനങ്ങള്‍ കടന്നുകൂടിയതാണ് ജനങ്ങളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കിരിക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യമാണിത്. 2010 ലെ ചോദ്യങ്ങള്‍ മാത്രം മതിയെന്ന് പരക്കെ ആവശ്യം ഉയര്‍ന്നുവന്നത് ഇക്കാരണത്താലാണെന്ന സത്യം മറച്ച് പിടിക്കാനാവില്ല.
സെന്‍സസും എന്‍.പി.ആറും സംശയത്തിന്റെ നിഴലില്‍ ഒരുമിച്ച് നടത്തുന്നത് അസ്വീകാര്യവും അനഭിലഷണീയവുമാണെന്ന് നൂറോളം വിദഗ്ധരും ഗവേഷകരും മുന്നറിയിപ്പ് നല്‍കിയത് രാജ്യം കണ്ടില്ലെന്ന് നടിക്കുമെന്ന് ആരും കരുതരുത്. സെന്‍സസ് ആക്ടിലെ പതിനഞ്ചാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട രേഖകള്‍ കൈവശംവെക്കാന്‍ ഇടവരുന്നത് നിയമവിരുദ്ധമാണെന്നും അതിനാല്‍ സെന്‍സസും എന്‍.പി.ആറും ഒരുമിച്ച് ഇപ്പോള്‍ നടത്തുന്നത് ആശാസ്യമാവില്ലെന്നും ചൂണ്ടിക്കാണിക്കുന്ന അവരുടെ പക്വമായ നിര്‍ദേശം മുഖവിലക്കെടുക്കാന്‍ ഭരണകൂടം അടിയന്തിരമായി തയ്യാറാവണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം യഥാസമയം യാഥാര്‍ത്ഥ്യബോധത്തൊടെയും ദീര്‍ഘദൃഷ്ടിയോടെയും തീരുമാനം കൈക്കൊണ്ട സന്ദര്‍ഭമല്ല ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ ലോക്‌സഭയിലും രാജ്യസഭയിലും അനുകൂലിച്ചവരില്‍ പലരും മാറ്റിപറയുന്ന അവസ്ഥ വന്നിരിക്കുന്നു. പതിനഞ്ചോളം സംസ്ഥനങ്ങള്‍ പരോക്ഷമായോ പ്രത്യക്ഷമായോ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒപ്പമല്ലെന്നത് നിസ്സാരമായ സംഗതിയല്ല. എന്‍.ആര്‍. സി. ദേശീയ തലത്തില്‍ നടത്താനായി കേന്ദ്രം എന്‍.പി.ആറിലൂടെ വളഞ്ഞവഴി തേടുകയാണെന്ന് കരുതുന്നവരുടെ എണ്ണം ദിനേന കൂടിവരികയുമാണ്.
എന്‍.ഡി.എ ഭരിക്കുന്ന ബീഹാറിലെ നിയമസഭ ഫെബ്രുവരി 25 ന് അംഗീകരിച്ച പ്രമേയം വലിയ പരിഗണന അര്‍ഹിക്കുന്നു. 2020 ലെ ചോദ്യാവലി അനുസരിച്ച് എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്മതിക്കില്ലെന്നും എന്‍.ആര്‍.സി ബീഹാറില്‍ ആവശ്യമില്ലെന്നും പ്രമേയം പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്ന ആന്ധ്രാപ്രദേശ് മന്ത്രി സഭ മാര്‍ച്ച് നാലിന് യോഗം ചേര്‍ന്ന് എന്‍.പി.ആര്‍ ജോലി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രപോലും എന്‍.ആര്‍.സിക്കനുകൂലമല്ല. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവും ഇതേ അഭിപ്രായം നിയമസഭയില്‍ പ്രകടിപ്പിച്ചു. എന്‍.പി.ആര്‍ പരിശീലനം പഞ്ചാബില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങും പറയുന്നു. ചുരുക്കത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കുന്ന ചുറ്റുപാടാണിന്ന് വളര്‍ന്നുവന്നിരിക്കുന്നത്. മാന്‍ മോഹന്‍സിങിന്റെ ലേഖനവും മാധ്യമ നിലപാടും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും ഇത്തരമൊരു ഭരണ നടപടി അനുപേക്ഷണീയമാക്കിരിക്കുന്നു. ഇതിനോടകം നൂറോളെം പേരുടെ ജീവന്‍ ബലി കൊടുക്കേണ്ടിവന്നു എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലോകാഭിപ്രായവും പ്രത്യേകിച്ച് കാലാകാലം നമുക്കൊപ്പംനിന്ന രാജ്യങ്ങളുടെ നിലപാടും അവഗണിക്കാനാവില്ല. ഈ ദിശാമാറ്റം ചൂണ്ടിക്കാണിക്കുന്ന സ്വാമിനാഥന്‍ എസ്. അയ്യങ്കലേശ്വരിയ അയ്യരും സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും അടക്കം നിരവധി പ്രമുഖരുടെ മുന്നറിയിപ്പുകള്‍ നിസ്സാരമാക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമാവില്ല. മാറിയ ഈ സാഹചര്യത്തില്‍ സെന്‍സസിനൊപ്പം എന്‍.പി. ആര്‍ തയാറാക്കാണുള്ള ശ്രമം കേന്ദ്രം ഉപേക്ഷിക്കുന്നതിന് സഹായകമായ യോജിച്ച നീക്കം സംഘടിപ്പിക്കേണ്ടതുണ്ട്. കേരളം പതിവ് പോലെ അതിനായി നേതൃത്വം വഹിക്കണം. സമാനാഭിപ്രയം പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ അങ്ങനൊരു നീക്കത്തെ പിന്തുണക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പൗരത്വ നിയമത്തിലെ 14(എ) വകുപ്പും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഉപവകുപ്പുകളും അനുസരിച്ച് നടത്തേണ്ട എന്‍.പി.ആര്‍ പ്രവര്‍ത്തനം സെന്‍സസ് പ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് ന്യായമായും പറയാവുന്നതാണ്. സെന്‍സസ് വേറെ, എന്‍.പി.ആര്‍ വേറെ. ഈ നിലപാട് ധാരാളം സംസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നു എന്ന് ഇപ്പോള്‍ വ്യാപകമായി ഉയര്‍ന്ന് വരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. നിയമപരമായ സാധുതയും അനുകൂലമായ പൊതുജനാഭിപ്രായ രൂപീകരണവും ഒരുമിക്കുന്ന ശ്രദ്ധേയമായ നീക്കമായിരിക്കുമത്.

SHARE