രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു നഖചിത്രം വരക്കുന്നു റഈസ അന്‍സാരി

പ്രതികൂലമായ സാഹചര്യത്തിലും പി.ജി. കഴിഞ്ഞ് മെറ്റീരിയല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ റഈസ അന്‍സാരി എന്ന യുവതി മധ്യപ്രദേശിലെ ഇന്‍ഡോര്‍ അങ്ങാടിയില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പന നടത്തുന്ന ചിത്രം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു നഖചിത്രം വരക്കുന്നുണ്ട്.

75 വയസ്സ് കഴിഞ്ഞ തന്റെ പിതാവടക്കമുള്ള ഒരു കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത ആ യുവതി അതിജീവനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പുതിയ പാഠങ്ങളാണിതെന്ന് ആഹ്വാനം ചെയ്യുന്നു.

വടക്കേ ഇന്ത്യയിലെ നമ്മുടെ ഗ്രാമങ്ങള്‍ അധികവും സ്വയം പര്യാപ്തമല്ല. വരേണ്യ വര്‍ഗ്ഗം മാത്രം തടിച്ച് കൊഴുക്കുന്ന സാമൂഹിക ഘടന നമുക്ക് പരിചിതമാണല്ലോ.അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത ഗ്രാമീണ ജനങ്ങള്‍ ഇരവുപകലുകള്‍ തള്ളി നീക്കുന്നു എന്ന് മാത്രം. മാന്യമായ തൊഴിലോ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ടെന്ന് സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണയുടെ ഭീതിതമായ അന്തരീക്ഷം ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ ദയനീയ സ്ഥിതി നാം കണ്ടു. നഗരങ്ങളില്‍ നിന്ന് മടങ്ങിയ അവരൊക്കെ സ്വന്തം ഗ്രാമങ്ങളില്‍ എങ്ങനെ ജീവിതം നയിക്കുന്നു എന്ന് ഊഹിക്കാന്‍ പ്രയാസമില്ല.

ചെറുകിട, കുടില്‍ വ്യവസായ സംരംഭങ്ങളും ചെറിയ വ്യാപാരങ്ങളും സമാരംഭിക്കാനും കാര്‍ഷിക രംഗം സജീവമാക്കാനും അതാത് പ്രദേശത്തെ വിദ്യാഭ്യാസം നേടിയ യുവാക്കള്‍ ഈ വെല്ലുവിളി മറികടക്കാന്‍ സ്വയം സന്നദ്ധരായി നേതൃത്വം വഹിക്കുമെന്ന് നാം കരുതുന്നു.

സ്വന്തം വാസസ്ഥലമോ കൃഷി ഭൂമിയോ ഇല്ലാത്ത ജനങ്ങള്‍ക്കായി പ്രാദേശികമായ കൂട്ടായ്മകള്‍ വളര്‍ന്ന് വരണം. സ്വയം സംരക്ഷിക്കപ്പെടുന്ന പാര്‍പ്പിടങ്ങളും തൊഴിലിടങ്ങളും ഉറപ്പ് വരുത്താന്‍ ഈ കൂട്ടായ്മ വഴി കഴിയണം.

സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ ഇക്കാര്യത്തില്‍ ഒരവകാശമെന്ന നിലക്ക് പ്രയോജനപ്പെടുത്താനും ആവണം. ഓരോരുത്തരും അവരവരുടെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഇങ്ങനൊരു ദേശീയ യജ്ഞം വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്കായി ആവിഷ്‌ക്കരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

SHARE