പ്രതീക്ഷയാണ് ഊര്‍ജ്ജം

ടി.എച്ച് ദാരിമി
മനുഷ്യജീവിതത്തിന്റെ ചാലകശക്തി പ്രതീക്ഷ എന്ന മൂന്നക്ഷരമാണെന്ന് മനശാസ്ത്രവും അനുഭവവും ഒരേപോലെ പറയുന്നുണ്ട്. മനുഷ്യന്‍ മനസ്സിനു തൊട്ടുമുമ്പിലായി പ്രതീക്ഷകള്‍ കോറിയിടുന്നു. എന്നിട്ട് അതിലേക്കു നടക്കുന്നു. അതാണ് ജീവിതം. തന്റെ സ്വന്തം നന്മയെ ലാക്കാക്കി അവന്‍ സ്വയംവരച്ചതാകയാല്‍ അവയോട് അഭിവാജ്ഞ സ്വാഭാവികമാണ്. അതിന്റെ പ്രചോദനത്തിലാണ് അവന്‍ ഗമിക്കുന്നത്. അതിനാല്‍ അവന്റെ മനസ്സും ശരീരവും ഒരേപോലെ ഉണര്‍വ്വോടെ ഒപ്പം നില്‍ക്കുന്നു. എന്നാല്‍ ഇത്തരമൊരു ചിത്രം മുമ്പില്‍ ഇല്ലാതെ വരികയോ ഉള്ളതിന് വേണ്ടത്ര വ്യക്തതയില്ലാതെ വരികയോ ചെയ്യുമ്പോള്‍ നിരാശ അവനെ കീഴ്‌പ്പെടുത്തും. നിരാശ ജീവിത ഗമനത്തിന്റെ താളംതെറ്റിക്കുന്ന ക്ഷയമാണ്. അളവിനനുസരിച്ച് കാലക്രമത്തില്‍ വ്യത്യാസം ഉണ്ടാകാമെങ്കിലും അത് മുച്ചൂടും നശിപ്പിച്ചേ മനസ്സില്‍ നിന്നും പടിയിറങ്ങൂ. മടിപിടിച്ച് ഒതുങ്ങുന്നതുമുതല്‍ ഒരുതുണ്ട് കയറില്‍ ജീവിതംതന്നെ അവസാനിപ്പിക്കുന്നതുവരെ ഇതിന്റെ ഉദാഹരണക്കാഴ്ച്ചകളാണ്. എന്നാല്‍ പ്രതീക്ഷ മനുഷ്യനെ സജീവവും സക്രിയവുമാക്കുന്നു. മാറിമാറി ജീവിത പരീക്ഷണങ്ങളില്‍ വ്യാപൃതനാകാന്‍ വേണ്ട ഊര്‍ജ്ജം അത് പ്രദാനംചെയ്യുന്നു. പ്രതീക്ഷ ഉണ്ടാക്കുന്ന അത്ഭുതത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് മതങ്ങള്‍. മതങ്ങള്‍ മനുഷ്യമനസ്സില്‍ പ്രതീക്ഷകളുടെ മനോഹര ചിത്രങ്ങള്‍ വരക്കുകയാണ്‌ചെയ്യുന്നത്. ആ ചിത്രങ്ങളുടെ മനോഹാരിതയില്‍ആകൃഷ്ടനാകുന്നതോടെ ശരീരവും മനസ്സും അടങ്ങുന്ന ജീവിതവും ജീവിത വ്യാപാരങ്ങളും മതത്തിന്റെ ആശയിത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്നതു കാണാം. ചോദ്യങ്ങളെ നേരിട്ടും വെല്ലുവിളികളെ അതിജീവിച്ചും പീഢന-താഢനങ്ങളെചാടിക്കടന്നും ശത്രുവിനുമുമ്പില്‍ സ്വന്തം ജീവന്‍ പോലും മറന്നും മതം പകരുന്ന ആ പ്രതീക്ഷകള്‍ക്കുവേണ്ടി ത്യാഗംചെയ്യാന്‍ അത് മനുഷ്യനെ സജ്ജനാക്കുന്ന ആ കാഴ്ച അതുല്യമാണ്. ലോക ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ഇവ്വിധമുള്ള മത വിശ്വാസികളായതുകാണുമ്പോള്‍ പ്രതീക്ഷകളുടെ കരുത്ത് തിരിച്ചറിയുകയാണ്. അതിനാല്‍ മതങ്ങളുടെ ദൗത്യ ശ്രമങ്ങളുടെ ആകെത്തുകതന്നെ മനുഷ്യന് പ്രതീക്ഷ പകരുക എന്നതാണ്. പ്രത്യേകിച്ചും അന്യൂനമായ ഒരു ജീവിതവ്യവസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെ പ്രതീക്ഷയെകുറിച്ചുള്ള ഇസ്‌ലാമിന്റെ സങ്കല്‍പ്പവും അധ്യാപനവും വേറിട്ടതും കുറ്റമറ്റതുമാണ്. കാരണം അത് ബലവത്തായ അടിക്കല്ലിലാണ് സ്ഥാപിക്കപ്പെടുന്നത്. മനുഷ്യന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്ന വര്‍ത്തിക്കേണ്ട പ്രതീക്ഷ വെറുമെരു തോന്നല്‍ മാത്രമായിക്കൂടാ. അത് ബലമുള്ളതായിരിക്കണം. അപ്പോഴേ സമര്‍പ്പണത്തിനുള്ള ഊര്‍ജ്ജമായി അത് മാറൂ. പ്രതീക്ഷകളെ ശക്തിപ്പെടുത്തുക സാധ്യതയുടെയും സാംഗത്യത്തിന്റെയും ബലമാണ്. അതിനാല്‍ ഇസ്‌ലാംഅത് നല്‍കുന്ന പ്രതീക്ഷകളെല്ലാം പരമമായ ഒരു ശക്തികേന്ദ്രത്തെ വലയം ചെയ്യുന്നു. അഥവാ, സര്‍വശക്തവും സര്‍വവ്യാപിയുമായ സ്രഷ്ടാവിനെ. അത്തരമൊരു സ്രഷ്ടാവിനാണ് പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയുക. മനുഷ്യന്റെ എല്ലാ നിയന്ത്രണങ്ങളും അവന്റെ ഭാവിയുടെ എല്ലാ സാംഗത്യങ്ങളും ആ സ്രഷ്ടാവിന്റെ കയ്യിലാണ്. അവന്‍ ഉദ്ദേശിച്ചതും ഇഛിക്കുന്നതും മാത്രമാണ് സംഭവിക്കുക. അതിനാല്‍ ഇസ്‌ലാം മനുഷ്യനോട് ആ അല്ലാഹുവില്‍ പരമമായ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശരാവുകയില്ല, തീര്‍ച്ച (12:87). ഈ സൂക്തം യഅ്കൂബ് നബിയുടെ ഉദ്ധരണിയായിട്ടാണ് ഖുര്‍ആന്‍ പറയുന്നത്. പുത്രന്‍ യൂസുഫ് കൈവിട്ടുപോയതില്‍ കടുത്ത നിരാശക്കുമാത്രം കളമൊരുക്കിയ ഒരു സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ഒരു വൃദ്ധന്റെ വാക്കുകളായി. സഹോദരങ്ങളോടൊപ്പം ആടു മേക്കാന്‍ കാട്ടിലേക്കുപോയ യൂസുഫിനെ കണ്ടെത്താന്‍ അദ്ദേഹം നടത്തിയ എല്ലാ ശ്രമങ്ങളും അപ്പോഴേക്കും വിഫലമായിരുന്നു. നിരാശയും വാര്‍ധക്യവും പ്രതീക്ഷകളെ മുഴുവനും മായ്ച്ചുകളയേണ്ടതായിരുന്നുവെങ്കിലും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും പ്രതീക്ഷ തളരാതെ കാത്തുസൂക്ഷിക്കുകയായിരുന്നു യഅ്കൂബ് നബി. ബാല്യവും കൗമാരവും കടന്ന് ഈജിപ്തിലെ രാജാവായി മാറാന്‍ വേണ്ട നീണ്ട കാലയളവ് ഈ പിതാവിനും പ്രതീക്ഷക്കും ഇടയിലുണ്ടായിരുന്നു. തളരാതെ ആ പ്രതീക്ഷ കാത്തുസൂക്ഷിച്ചതിനു ഫലമുണ്ടാവുകയും ചെയ്തു. കാല്‍ നൂറ്റാണ്ടിനുശേഷം ആ പ്രതീക്ഷ പുലര്‍ന്നു.
ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസത്തിന്റെ സത്ത പ്രതീക്ഷയാണ്. അതിന്റെ കര്‍മ്മങ്ങളുടെ ആന്തരാര്‍ഥവും അതുതന്നെയാണ്. നമസ്‌കാരം തുടങ്ങി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന എല്ലാ ആരാധനകളും സത്യത്തിലും തത്വത്തിലും പ്രാര്‍ഥനകളാണ്. പ്രതീക്ഷകള്‍ പിലരാനുള്ള ഉല്‍ക്കടമായ ആഗ്രഹമാണ് പ്രാര്‍ഥനയുടെ ഇതിവൃത്തം. ഈ ഈമാനും ഇസ്‌ലാമും ഒരു സമൂഹത്തെ പടച്ചെടുക്കുന്നതിനുപിന്നിലും പ്രവര്‍ത്തിച്ചത് പ്രതീക്ഷ തന്നെയായിരുന്നു. അതുകൊണ്ടാണ് നബി(സ) തിരുമേനിയുടെ പ്രബോധനം ശുഭപ്രതീക്ഷകളെവലംവെച്ചത്. ജനങ്ങളില്‍ പ്രതീക്ഷ നിക്ഷേപിക്കുകയും ക്രമാനുഗതമായ തര്‍ബ്ബിയ്യത്ത് വഴി അതിനെ ബലപ്പെടുത്തുകയും ചെയ്യുകയായിരുന്നു നബി(സ). അത് അത്ഭുതങ്ങള്‍ കാണിക്കുകയുംചെയ്തു. ബദര്‍ യുദ്ധക്കളത്തിനുപുറത്ത് ഉണങ്ങിയ കാരക്കയും കൊറിച്ചു നടക്കുകയായിരുന്ന ഒരു സ്വഹാബി നബി(സ) പറയുന്നതു കേള്‍ക്കുന്നു. ‘ഇന്ന് വിശ്വാസവും പ്രതിഫലേഛയും കൈമുതലാക്കി പടപൊരുതുന്നവന് സ്വര്‍ഗമുണ്ട്’ എന്ന പ്രതീക്ഷയായിരുന്നു നബിയുടെ ഉപദേശം. കയ്യിലുള്ള അവശേഷിക്കുന്ന കാരക്ക മാറ്റിവെച്ച് ആവശ്യത്തിനുള്ള ആയുധം പോലുമില്ലാതെ ആ സ്വഹാബി യുദ്ധക്കളത്തിലേക്കുചാടുകയും അത്ഭുതങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. ഇത്തരം ധാരാളം രംഗങ്ങള്‍ നബി(സ)യുടെ പ്രബോധന വീഥിയിലുണ്ട്. അല്ലെങ്കിലും സ്വന്തം വികാരങ്ങളും ജീവിതത്വരകളും സ്വമേധയാ ഉപേക്ഷിച്ച് അല്ലാഹുവും നബിയും പറയുന്നതു ജീവിത താളമാക്കിമാറ്റാന്‍ വലിയൊരു ജനസഞ്ചയം തയ്യാറായമൊത്തക്കാഴ്ചതന്നെ മതിയല്ലോ പ്രതീക്ഷ എത്ര വലിയ അത്ഭുതങ്ങളാണ് കാണിക്കുന്നത് എന്നു കാണാന്‍.
പരമമായ പാരത്രിക പ്രതീക്ഷകളേക്കാള്‍ മനുഷ്യന്‍ ആദ്യം പരിഗണിക്കുന്നത് തൊട്ടുമുമ്പിലുള്ള ചുവടുകളുടെ പ്രതീക്ഷയായിരിക്കും. അതിനാല്‍ ഇസ്‌ലാം അതിനും ഊന്നല്‍ നല്‍കുന്നുണ്ട്. പാപങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന കുറ്റബോധവും മനോവ്യഥയും അവയിലൊന്നാണ്. അതു മനുഷ്യനെ നിരാശപ്പെടുത്താതിരിക്കാന്‍ ഇസ്‌ലാം നിശ്ചയമായും നിങ്ങളുടെ നാഥന്‍ കരുണാമയനും ഏറെ പൊറുക്കുന്നവനുമാണ് എന്ന് പഠിപ്പിക്കുന്നു. ഈ പ്രതീക്ഷ കുറ്റബോധം ഉണ്ടാക്കുന്ന വേദനകളില്‍നിന്നും മനുഷ്യനെ രക്ഷിക്കുന്നു. ജീവിത സന്ധാരത്തിനായി സമീപിക്കുന്ന മാര്‍ഗങ്ങളുടെ ഭാവി മനുഷ്യന്റെ ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. അതുണ്ടാവാതിരിക്കാന്‍ എല്ലാം നിശ്ചയിക്കുന്നതും വിധിക്കുന്നതും അല്ലാഹുവാണെന്നും അവന്റെ കാരുണ്യം സമീപത്തുതന്നെയുണ്ട് എന്ന് ഇസ്‌ലാം പറയുന്നു. ഇപ്പോഴല്ലെങ്കില്‍ പോലും ഏതു നിമിഷവും തന്റെ വരതെളിയാമെന്നും താന്‍ കടാക്ഷിക്കപ്പെടാമെന്നുമുള്ള പ്രതീക്ഷ നല്‍കി ഇവിടെയും ഇസ്‌ലാമിക വിശ്വാസം മനുഷ്യന്റെ രക്ഷക്കെത്തുന്നു. നിലവിലുള്ള ശ്രമങ്ങള്‍ തുടരാനും നിരാശപ്പെടാതെ പുതിയ ശ്രമങ്ങള്‍ നടത്താനുമെല്ലാം ഇത് സഹായകമാകുന്നു. മറ്റൊന്ന് ഭീതിയും ഭീഷണിയും പകരുന്ന പ്രതിസന്ധികളാണ്. അവയുടെ മുമ്പില്‍ എത്തിപ്പെടുകയും തൊട്ടുമുമ്പില്‍ ഒരുവഴിയും വ്യക്തമായിതെളിഞ്ഞു കാണാതിരിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിനു വിധേയനായേക്കും. ഒരുപക്ഷേ കടുത്ത നിരാശയിലേക്കുപോലും അവന്‍ എടുത്തെറിയപ്പെടാം. അതുണ്ടാവാതിരിക്കാനും ഇസ്‌ലാം മനുഷ്യന് ചൂടുള്ള പ്രതീക്ഷകള്‍ തന്നെയാണ് പകരുന്നത്. അവിചാരിതവും അപ്രതീക്ഷിതവുമായ മാര്‍ഗേണ സഹായവും രക്ഷയും വന്നുചേരും എന്നും അത് അല്ലാഹുവിന്റെ ഒരു ശൈലിയാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഭീഷണികള്‍ പ്രതിധ്വനിച്ച ഉഹദ്താഴ്‌വരയില്‍ അത് കണ്ടതാണ്. പെട്ടെന്ന് യുദ്ധഗതി മാറുകയും നബി(സ)ക്കുപോലും പരിക്കുപറ്റുകയും ചെയ്തപ്പോള്‍ അല്ലാഹു പ്രതീക്ഷയുടെഒരുകുടന്ന അവരിലേക്കിറക്കിക്കൊടുത്തു. അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍. നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് അക്കൂട്ടര്‍ക്കും ഇതുപോലെയുള്ള കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ ദിവസങ്ങളിലെ വിജയ പരാജയങ്ങള്‍ നാം അവര്‍ക്കിടയില്‍ മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ നിങ്ങള്‍ക്കിടയില്‍നിന്ന് തിരിച്ചറിയാനും നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കാനും വേണ്ടി കൂടിയാണിത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല’ (3: 139,140).
ഈ ലോകം പരീക്ഷണങ്ങളുടേതും പരീക്ഷകളുടേതുമാണ്. അത് നടക്കേണ്ടതുണ്ട്. അല്ലാതെ മനുഷ്യന്‍ മോഹിക്കുന്നതും ആഗ്രഹിക്കുന്നതുമെല്ലാം അതേപടി നടക്കുകയാണെങ്കില്‍ പരലോകം എന്ന ആശയംതന്നെ അപ്രസക്തമാകും. അതിനാല്‍ വിജയവും പരാജയവും നേട്ടവും നഷ്ടവും വളര്‍ച്ചയും തകര്‍ച്ചയുമെല്ലാം ഈ ജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്. അത് വിശ്വാസികള്‍ക്കുപോലും അങ്ങനെ തന്നെയാണ്. പക്ഷേ, പരാജയവും നഷ്ടവും തകര്‍ച്ചയുമെല്ലാം അവനു പരീക്ഷണമാണ്. അവന്‍ അവയെ എങ്ങനെ സമീപിക്കുന്നു എന്ന പരീക്ഷ. ക്ഷമിക്കുകയും സഹനവും ശാന്തതയും പുലര്‍ത്തുകയും അതോടൊപ്പം മനസ്സിനെ പ്രതീക്ഷയുടെ പിന്നില്‍നിന്ന് ഒരിക്കലും തിരിച്ചെടുക്കാതിരിക്കുകയും അങ്ങനെ നിരന്തര ശ്രമങ്ങളില്‍ വ്യാപൃതനാവുകയും ചെയ്യുമ്പോള്‍ വിശ്വാസി ആ പരീക്ഷയില്‍ വിജയിക്കും. അല്ലെങ്കില്‍ പരാജയപ്പെടുക തന്നെ ചെയ്യും. അതിനാല്‍ ആകാശച്ചുവടാകെ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളുടെ മുമ്പില്‍ ഉമ്മത്ത് ചെയ്യേണ്ടത് പ്രതീക്ഷകള്‍ കൈവിടാതിരിക്കുക എന്നതുതന്നെയാണ്. എന്നാല്‍ പ്രതീക്ഷ എന്ന പേരു പറഞ്ഞ് വെറുതെയിരിക്കുന്നതും പാടില്ല. ശാന്തിയും സമാധാനവും കൈമുതലാക്കിയും കാലഘട്ടത്തിന്റെ ദൗത്യങ്ങള്‍ മാന്യമായി നിര്‍വഹിച്ചും ചെയ്യാനുള്ളത് നിരന്തരം ചെയ്തും പ്രതീക്ഷയിലേക്കുമാത്രം ഉറ്റുനോക്കുകയാണ് വേണ്ടത്. ആ ചിത്രങ്ങള്‍ തെളിഞ്ഞുകിട്ടാന്‍ നിരന്തരമായ പ്രാര്‍ഥനയോടെ. കാരണം അവനല്ലല്ലോ ആ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുന്നത്, അവന്‍ വിളിക്കുന്ന അവന്റെ റബ്ബല്ലേ.

SHARE