സിറിയയില്‍ രാസായുധ പ്രയോഗം; 58 മരണം

ദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ രാസായുധ പ്രയോഗം. 58 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിറിയയുടേയോ റഷ്യയുടേയോ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. ഖാന്‍ ഷെയ്ഖൂന്‍ നഗരത്തിലാണ് സംഭവം. ആക്രമണമുണ്ടായ ഉടന്‍ ആളുകള്‍ക്ക് ശ്വാസതടസ്സം നേരിട്ടു. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന പ്രദേശിക മെഡിക്കല്‍ ക്ലിനിക്കുകള്‍ക്കുനേരെയും ആക്രണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ആറു വര്‍ഷം മുമ്പ് ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം സിറിയയിലുണ്ടാകുന്ന ഏറ്റവും വലിയ രാസായുധ പ്രയോഗമാണിത്. ഇദ്‌ലിബ് നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഖാന്‍ ഷെയ്ഖൂന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പോര്‍വിമാനങ്ങളെത്തിയത്. ബോംബാക്രമണം നടന്ന് 20 മിനുട്ടിനുശേഷം നഗരത്തിലെത്തിയപ്പോള്‍ ശ്വാസംമുട്ടി പിടയുന്ന ആളുകളെയാണ് തെരുവില്‍ കണ്ടതെന്ന് ഇദ്‌ലിബില്‍ ആംബുലന്‍സ് സര്‍വിസ് നടത്തുന്ന മുഹമ്മദ് റസൂല്‍ പറഞ്ഞു.
ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലെല്ലാം രാസായുധ പ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിക്കൊണ്ടിരിക്കെ ആസ്പത്രിക്കുനേരെ ബോംബാക്രമണമുണ്ടായി.
കൊല്ലപ്പെട്ടവരില്‍ 11 പേര്‍ കുട്ടികളാണ്. 67 പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 100 പേര്‍ മരിച്ചുവെന്നാണ് പ്രതിപക്ഷ അനുകൂല വാര്‍ത്താ ഏജന്‍സിയായ സ്റ്റെപ്പിന്റെ റിപ്പോര്‍ട്ട്. രാസായുധം പ്രയോഗിച്ചുവെന്ന വിമത ആരോപണം സിറിയന്‍ ഭരണകൂടം നിഷേധിച്ചു.
2013 ആഗസ്തില്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം വിമത കേന്ദ്രത്തിലുണ്ടായ രാസായുധ പ്രയോഗത്തില്‍ 500ലേറെ പേര്‍ മരിച്ചിരുന്നു. ഭരണകൂടത്തെ കുറ്റപ്പെടുത്താന്‍ വിമതര്‍ തന്നെയാണ് രാസായുധം പ്രയോഗിച്ചതെന്നായിരുന്നു പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ വിശദീകരണം. അന്താരാഷ്ട്ര സമ്മര്‍ദ്ദഫലമായി രാസായുധ ശേഖരം നശിപ്പിക്കാന്‍ സിറിയ തയാറായെങ്കിലും അതിനുശേഷവും നിരവധി ആക്രമണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

SHARE