സിറിയയില്‍ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; 40 മരണം

ബെയ്‌റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനില്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്‌ഫോടനം നടന്നത്. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആക്രമണത്തില്‍ തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രൂപ്പായ വൈപിജിക്ക് ബന്ധമുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

കൊല്ലപ്പെട്ട 40 പേരില്‍ 11 പേര്‍ കുട്ടികളാണ്. 47 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതായും തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

SHARE