സോനു നിഗത്തിന്റെ മുടിക്ക് വിലയിട്ടയാള്‍ മതപണ്ഡിതനല്ല; അദ്ദേഹം നല്‍കിയത് ഫത്‌വയുമല്ല

മറ്റു മതങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം സയ്യിദ് ഷാ മാധ്യമങ്ങളെ കാണുന്നു

ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന്‍ സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ ‘ഇമാം’ എന്നും പ്രഖ്യാപനത്തെ ‘ഫത്‌വ’ എന്നുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലുള്ള പ്രസിദ്ധമല്ലാത്ത ബാഗ്നാന്‍ ഖാന്‍കാ ശരീഫിലെ മുഖ്യ നടത്തിപ്പുകാരനായ സയ്യിദ് ഷാ ആതിഫ് മതപണ്ഡിതനോ ഇമാമോ അല്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നിഷ്ട പ്രകാരം നടത്തിയ സയ്യിദ് ഷായുടെ പ്രഖ്യാപനത്തെ ‘ഫത്‌വ’ എന്നു വിശേഷിപ്പിച്ചത് ഇസ്ലാമിക സംജ്ഞകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അജ്ഞത കാരണമാണ്.

ബംഗാള്‍ മുസ്ലിംകള്‍ക്ക് അപരചിതിനായ സയ്യിദ് ഷായുടെ ആഹ്വാനത്തോടുള്ള വെല്ലുവിളി എന്ന നിലയില്‍ സോനു നിഗം സ്വയം തന്നെ തലമുണ്ഡനം ചെയ്യാന്‍ സന്നദ്ധനായത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹക്കിം ആണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ സോനുവിന്റെ തല മൊട്ടയടിച്ചത്. ആലിം ഹക്കിമിന് 10 ലക്ഷം നല്‍കാന്‍ സോനു നിഗം സയ്യിദ് ഷാ ആതിഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുണ്ഡനം ചെയ്തതിനൊപ്പം ചെരുപ്പുമാലയിട്ട് നടത്തിക്കുക്കുക കൂടി ചെയ്താല്‍ പണം നല്‍കാമെന്ന് സയ്യിദ് ഷാ മറുപടി നല്‍കി.

ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതവിധി പറയുന്നതിനെയാണ് ഇസ്ലാമില്‍ ഫത്‌വ എന്നു പറയുന്നത്. ഖുര്‍ആന്‍, പ്രവാചകവചനങ്ങള്‍, കര്‍മശാസ്ത്രം തുടങ്ങിയവയില്‍ അഗാധ പാണ്ഡിത്യമുള്ളവര്‍ക്കേ ഫത്‌വ നല്‍കാനുള്ള അവകാശമുള്ളൂ. സാധാരണ നിലയില്‍ മഹല്ലുകളിലെ ഖാസിമാരോ പണ്ഡിത സഭകളോ ആണ് ഫത്‌വ നല്‍കാറുള്ളത്. എന്നാല്‍, സോനു നിഗം വിഷയത്തിലൂടെ പ്രസിദ്ധനായ സയ്യിദ് ഷാ ആതിഫ് മതപണ്ഡിതനോ ഏതെങ്കിലും പണ്ഡിത സഭയില്‍ അംഗമോ അല്ല. സ്വന്തം നിലയില്‍ ഇദ്ദേഹം നടത്തിയ ഒരു ആഹ്വാനത്തെ കേട്ടപാതി മാധ്യമങ്ങള്‍ ഫത്‌വ എന്നു പേരിട്ട് വാര്‍ത്ത നല്‍കുകയായിരുന്നു.

അതിനിടെ, വ്യത്യസ്ത മതങ്ങളിലെ പുരോഹിതര്‍ക്കൊപ്പം സയ്യിദ് ഷാ ഖാദിരി ഇന്നലെ മാധ്യമങ്ങളെ കണ്ടു. സോനു നിഗം വിഷയത്തില്‍ സയ്യിദ് ഷായ്ക്ക് പിന്തുണ അറിയിച്ചാണ് ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ മതനേതാക്കള്‍ ഷാക്കൊപ്പം പത്രസമ്മേളനത്തിനെത്തിയത്. പ്രവാചകന്റെ 35-ാം പിന്‍തലമുറയിലെ അംഗമാണ് താന്‍ എന്ന് സയ്യിദ് ഷാ ഖാദിരി അവകാശപ്പെട്ടു.