പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

റാഞ്ചി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു. കര്‍ണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനു ശേഷം വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലായി ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശരദ് പവാറിനു പകരമായി എന്‍.സി.പി നേതാവ് സുപ്രിയ സുലെ ചടങ്ങിനെത്തി.

ജാര്‍ഖണ്ഡിലെ പുതിയ സര്‍ക്കാര്‍ എല്ലാ പൗരന്മാരുടെയും പ്രയോജനത്തിനായി പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്ത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതിയൊരു കാലഘട്ടത്തിലേക്ക് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണു സത്യപ്രതിജ്ഞ നടന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് തുടങ്ങിയവര്‍ ചടങ്ങിനെത്തി.