ലോക്കറിലുള്ള ഒരു കോടി രൂപ ‘ഡീലിന് ലഭിച്ച പ്രതിഫലം’; സ്വപ്‌നയുടെ മൊഴി പുറത്ത്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗില്‍ സ്വര്‍ണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ ടി റമീസെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകര്‍ റമീസും സന്ദീപുമാണ്. റമീസും സന്ദീപും ആദ്യം ദുബായില്‍ വച്ചാണ് കാണുന്നതെന്നും സ്വപ്ന വ്യക്തമാക്കി.

അതേസമയം, സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകള്‍ കസ്റ്റംസിന് ലഭിച്ചു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവന്‍, അതായത് ഒരു കിലോയോളം സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല.

SHARE