കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രളയദുരിതാശ്വാസ ഫണ്ടിലും വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. യു.എ.ഇയില്‍നിന്നുള്ള പ്രളയസഹായത്തിലാണ് സ്വപ്ന വെട്ടിപ്പ് നടത്തിയത്. ഇടനിലക്കാരിയായി കോടികള്‍ തട്ടി എന്നാണ് ആരോപണം.
കേരളത്തിലെ വീടു നിര്‍മാണത്തിനായി യു.എ.ഇ.യിലെ സന്നദ്ധസംഘടന നല്കിയ ഒരുകോടി ദിര്‍ഹത്തിന്റെ (ഏതാണ്ട് 20 കോടി രൂപ) സഹായത്തിലാണ് സ്വപ്ന കൈവച്ചത്. 1.38 കോടി രൂപമാത്രമാണ് ഇടനിലക്കാരിയായി തനിക്ക് കിട്ടിയത് എന്നാണ് സ്വപ്ന കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല.
സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളര്‍കൂടി തനിക്ക് മറ്റു രീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷം യു.എ.ഇ.യിലെ പ്രമുഖ സന്നദ്ധസംഘടന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നല്‍കിയിരുന്നു. വീടുകളും ചികിത്സാസൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം കേരളവും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയും ചടങ്ങിലുണ്ടായിരുന്നു. ഇതിലും സ്വപ്ന ഇടനിലക്കാരിയായിരുന്നെന്നാണ് കരുതുന്നത്.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഇതില്‍ നിന്ന് വിഹിതം കിട്ടിയിരുന്നതായും സ്വപ്ന പറയുന്നു. സഹായനിധികളില്‍നിന്നു സ്വപ്നയ്ക്കും കൂട്ടര്‍ക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്തിരുന്നു. ഇത് ഈ രീതിയില്‍ കിട്ടിയ പണമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.