‘സ്വപ്‌നയുടെ വീട്ടില്‍പ്പോയത് ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍’; ശിവശങ്കറിന് ഇന്ന് നിര്‍ണായകം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിയ്ക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ എന്‍ഐഎ സംഘം ഒമ്പതര മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ നേരത്തെ നല്‍കിയ മൊഴികളും ഇന്നലത്തെ മൊഴികളും പരിശോധിച്ച് പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.

ശിവശങ്കറിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന. പല ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മറ്റു പ്രതികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് നീങ്ങാനാണ് എന്‍ഐഎയുടെ നീക്കം. എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത്തു നിന്നും ചോദ്യം ചെയ്യല്‍ നിരീക്ഷിച്ചിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കര്‍ പറഞ്ഞു. സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു സ്വപ്‌നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാര്‍ശ ചെയ്‌തോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മൊഴി. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്വപ്‌നയുടെ നിയമനത്തിനു വേണ്ടി ഇടപെട്ടോ എന്ന ചോദ്യത്തിന് ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തല്‍മണ്ണ സ്വദേശി കെ ടി റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ല. ഇവര്‍ക്കു സ്വപ്‌നയുമായുള്ള സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല. സ്വപ്‌നയുടെ ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍ മാത്രമാണ് ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുള്ളതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. പ്രതികള്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയ തിരുവനന്തപുരത്തെ ഫ്‌ലാറ്റ് വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചതു സ്വപ്‌നയുടെ ഭര്‍ത്താവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്. അവരുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുറച്ചു ദിവസം മാറിത്താമസിക്കാന്‍ ഫ്‌ലാറ്റ് വാടകയ്ക്കു വേണമെന്നാണു തന്നോടു പറഞ്ഞതെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകള്‍ ചോദ്യംചെയ്യലില്‍ എന്‍ഐഎ നിരത്തി. എന്നാല്‍, സ്വപ്‌ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴിനല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലില്‍ ശിവശങ്കറിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ച ശിവശങ്കര്‍ നേരെ അഭിഭാഷകന്റെ അടുത്തേക്കാണ് പോയത്.

SHARE