കേരളത്തില്‍ നിന്ന് മുങ്ങുന്നതിന് മുമ്പ് സ്വപ്‌ന വിളിച്ച പൊലീസ് ഉന്നതന്‍ ആര്?

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മുങ്ങുന്നതിന് മുമ്പ് സ്വപ്‌ന വിളിച്ച കോള്‍ ലിസ്റ്റില്‍ പൊലീസിലെ ഉന്നതനുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് വിവരം. കൂടാതെ രണ്ടു ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നതായുള്ള വിവരം എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ ആയിരുന്ന തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് സ്വപ്‌ന കടന്നത് പൊലീസിലെ ഉന്നതരുടെ സഹായത്തോടെയാണെന്ന് വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ കോള്‍ ലിസ്റ്റിലെ പൊലീസ് ഉന്നതനെക്കുറിച്ച് എന്‍ഐഎ പരിശോധിക്കുന്നത്.

അതേസമയം, സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കസ്റ്റംസ് നിര്‍ദ്ദേശപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പ്രതികള്‍ക്ക് നിരവധി ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്. ഇവരുടെ മൂന്ന് വര്‍ഷത്തെ ഇടപാടുകള്‍ കസ്റ്റംസും എന്‍ഐഎ യും പരിശോധിക്കുന്നു.

സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എന്‍ഐഎ സംഘം ഇന്ന് ഉച്ചയ്ക്കുതന്നെ കേരളത്തിലെത്തും. റോഡ് മാര്‍ഗമാണ് സംഘം കേരളത്തിലേക്ക് വരുന്നത്. ഇന്നു രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക. ഇന്നലെ രാത്രിയാണ് ഇരുവരും അറസ്റ്റിലാവുന്നത്.

SHARE