ബാങ്ക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വപ്‌ന ശേഖരിച്ചത് ഒരു ലക്ഷം ഡോളര്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചതായി വിവരം. ഉദ്യോഗസ്ഥന്‍ തന്നെയാണ് എന്‍ഐ.എയോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എന്‍ഐഎ കണ്ടെത്തി.

കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് കീഴില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്ന് യൂണിടാക്കിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാന്‍ഫര്‍ ചെയ്തതിനുശേഷമാണ് ഡോളര്‍ വാങ്ങിപ്പിച്ചത്. കോണ്‍സുലറ്റിന്റെ ആറ് അക്കൗണ്ടുകളില്‍ ഒന്നില്‍നിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നില്‍.

തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരില്‍നിന്നുമാണ് ഡോളര്‍ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യന്‍ കറന്‍സി ആയി യൂണിടാക് ഉന്നതന്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വെച്ച് തന്നു എന്നും എന്‍ഐഎ യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനെ കോണ്‍സുലറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നത്. അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്നും ഭീഷണിപ്പെടുത്തി. നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം എന്തിന് ഡോളര്‍ കള്ളത്തരത്തില്‍ വാങ്ങി എന്നതില്‍ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാന്‍ ആവും ഇത് എന്നാണ് നിഗമനം.

SHARE