സ്വപ്നയെ സല്യൂട്ട് ചെയ്തില്ല; അന്ന് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്തലില്‍ കുടുങ്ങുന്നതുവരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെ. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്.

മൂന്ന് ദിവസം മുന്‍പ് വരെ സ്വപ്നയുടേത് സ്വപ്നസമാനമായ ആര്‍ഭാട ജീവിതമായിരുന്നു. ബാലരാമപുരത്ത് നിന്ന് തുടങ്ങി അബുദാബിയില്‍ വളര്‍ന്ന് തിരുവനന്തപുരത്ത് തഴച്ച് വളര്‍ന്ന ജീവിതം. പിതാവിന് അബുദാബിയില്‍ ബിസിനസായതിനാല്‍ അവിടെയായിരുന്നു വിദ്യാഭ്യാസം. ആദ്യ ജോലിയും അവിടെ തന്നെ. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ എച്ച്ആര്‍ മാനേജരായി എത്തുന്നതോടെയാണു തലസ്ഥാനത്തെ ബന്ധങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അവിടെ.

അതിനിടെ വ്യാജരേഖാ കേസില്‍പെട്ട് ജോലി പോകുമെന്നായപ്പോള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ചാടി. പിതാവിന്റെ ദുബായ് ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു ഡിഗ്രി മാത്രം കൈമുതലായുള്ള സ്വപ്നയെ നയതന്ത്ര ഓഫിസിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാക്കിയത്. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ സ്വപ്ന പങ്കെടുത്തു, നയതന്ത്ര അഭിപ്രായങ്ങള്‍ പോലും പറഞ്ഞു.

ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന കുതിപ്പ് തുടര്‍ന്നത്.

SHARE