അനായാസം അറബി വഴങ്ങും, വി.ഐ.പി ജീവിതം; നക്ഷത്ര പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യം- സ്വപ്‌നയുടെ വളര്‍ച്ചയിങ്ങനെ

തിരുവനന്തപുരം: അബൂദാബിയില്‍ ജനിച്ചു വളര്‍ന്ന സ്വപ്‌ന സുരേഷ് ഉന്നതങ്ങളില്‍ ബന്ധങ്ങളുണ്ടാക്കിയത് വളരെ ചെറിയ കാലയളവില്‍. 2019ലാണ് യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി വിട്ടത്. ഇക്കാലം മുതലാണ് ഉന്നതരുമായി ഇവര്‍ അടുപ്പമുണ്ടാക്കിയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ഐ.ടി വകുപ്പില്‍ ജോലിക്ക് കയറുകയായിരുന്നു. കഴിഞ്ഞ ദിവസം പിരിച്ചു വിടുന്നതു വരെ സ്‌പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലൈസന്‍ ഓഫീസറായിരുന്നു ഇവര്‍.

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള സ്വപ്‌ന രണ്ടു വര്‍ഷം സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. 2013ല്‍ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലിയില്‍ പ്രവേശിച്ചു. അതിനു ശേഷമാണ് യു.എ.ഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനലിന്റെ സെക്രട്ടറിയായി നിയമിതയാത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായി. നഗരത്തില്‍ കോടികള്‍ മുടക്കി വീടിന്റെ നിര്‍മാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്‌ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു. മുഖ്യമന്ത്രിക്കും അറബ് സംഘത്തിനുമൊപ്പം ഇഫ്താര്‍ വിരുന്നില്‍ സ്വപ്‌ന പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് മുഖേനയാണ് സ്വപ്‌നയ്ക്ക് ഐ.ടി വകുപ്പില്‍ ജോലി കിട്ടിയത് എന്ന ആരോപണവുമുണ്ട്. കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സ്വപ്‌ന ഐ.ടി വകുപ്പില്‍ ജോലിക്കു കയറിയത്. ഇ- മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്.

SHARE