അതിദുരൂഹം ഈ വളകിലുക്കം


ഹാരിസ് മടവൂര്‍

നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ രാഷ്ട്രീയക്കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അരക്കിട്ടുറപ്പിക്കപ്പെടുന്ന സ്ത്രീ സാനിധ്യം ഒരിക്കല്‍ക്കൂടി പുറത്തു വരികയാണ്. തന്റെ ഓഫീസില്‍ അവതാരങ്ങള്‍ക്ക് ഇടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് പിണറായി വിജയന്‍ നാലര വര്‍ഷം മുമ്പ് കേരളത്തിന്റെ മുഖ്യ മന്ത്രിയായി അധികാരത്തിലേറിയത്. വികസനത്തിലും കരുതലിലും ഐക്യ കേരളം സാക്ഷ്യം വഹിച്ചതില്‍ വെച്ചേറ്റവും മികവുറ്റ ഭരണം കാഴ്ച്ചവെച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ച അന്നത്തെ പ്രതിപക്ഷം പോലും ഒരു ഘട്ടത്തില്‍ ഭയപ്പെട്ടതാണ്. പക്ഷെ അവസാന ഘട്ടത്തിലുയര്‍ന്നു വന്ന സരിതാ വിഷയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുഴുവനും കേന്ദ്രീകരിക്കപ്പെടുകയും മറ്റു വിഷയങ്ങളെല്ലാം അതില്‍ തട്ടിത്തെറിച്ച് പോവുകയും ചെയ്തതോടെ ചിത്രം ആകെ മാറിമറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരു സ്ത്രീ ദുരുപയോഗം ചെയ്തുവെന്ന വ്യാജ ആരോപണം ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ജനങ്ങളിലെത്തിക്കുകയാണ് അന്ന് പ്രതിപക്ഷം ചെയ്തത്. സോളാര്‍ കേസില്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഒരു രൂപയുടെ ആനുകൂല്യം പോലും തട്ടിപ്പു നടത്തിയ കമ്പനിക്കു സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ലഭിച്ചിട്ടുമില്ല. ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുകയും വിവാദ വ്യക്തിയുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണില്‍ സംസാരിച്ചു എന്ന് ആരോപിക്കപ്പെട്ട മൂന്ന് പേരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു. അത്രമേല്‍ സുതാര്യമായ രീതിയില്‍, ഏതെങ്കിലും തരത്തിലുള്ള അവ്യക്തതയോ ആശയക്കുയപ്പമോ പോലുമില്ലാതെയാണ് ആ കേസ് യു.ഡി.എഫ് കൈകാര്യം ചെയതത്. നാലു വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടും ഇതിനപ്പുറത്തേക്ക് ആ കേസില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഷയത്തില്‍ കാണിച്ച ജാഗ്രതക്ക് അടിവരയിടുന്നതാണ്. എന്നാല്‍ സെക്രട്ടറിയേറ്റ് ഉപരോധമുള്‍പ്പെടെയുള്ള അതിഭീകരമായ സമരമുറകളിലൂടെ മുഖ്യ മന്ത്രിയെയും ഓഫീസിനെയും ഒരു വനിത വരുതിയില്‍ നിര്‍ത്തി എന്ന രീതിയിലുള്ള പ്രചണ്ഡമായ പ്രചരണം ജനങ്ങളില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന രീതിയിലുള്ള സ്വാധീനം തനിക്ക് ഭരണസിരാ കേന്ദ്രത്തിലുണ്ടായിരുന്നു എന്ന് പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരോപണ വിധേയ തന്നെ വിളിച്ചു പറയുകയും ചെയ്തതോടെ വസ്തുതകള്‍ പൂര്‍ണമായും വളച്ചൊടിക്കപ്പെടുകയും ചെയ്തു. ഈ ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ അധികാരത്തിലേറിയത് കൊണ്ടാണ് പിണറായി വിജയന്‍ തന്റെ ഓഫീസിനെക്കുറിച്ച് വീരവാദം മുഴക്കിക്കൊണ്ട് ഭരണമാരംഭിച്ചതും. അണികളാകട്ടെ ഏത് രീതിയിലുള്ള ആരോപണങ്ങളുയരുമ്പോഴും ഇടതു സര്‍ക്കാറിന്റെ ഇരുമ്പു മറയെക്കുറിച്ച് വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു. എന്നാല്‍ െ്രെകംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ള, വേണ്ടത്ര അക്കാദമിക്ക് യോഗ്യതകളോ അനുഭവ പാഠമോ ഇല്ലാത്ത ഒരു സ്ത്രീ സര്‍ക്കാറില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തി അവിഹിതമായി പലതും നേടിയെടുത്തു എന്നത് അവര്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനാധിപത്യം നമ്മുടെ നാട്ടില്‍ ഇത്രത്തോളം ശക്തി പ്രാപിച്ചിട്ടും എന്ത് കൊണ്ട് ഭരണസംവിധാനത്തിന്റെ ഇടനാഴികളില്‍ ചില വള കിലുക്കങ്ങള്‍ക്ക് ഇത്ര മുഴക്കം എന്നത് ആലോചിക്കപ്പെടേണ്ടതാണ്. കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ഉജാപക സംഘങ്ങളെ വാര്‍ത്തെടുക്കാന്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് ഇക്കാലത്തും സാധിക്കുന്നു എന്നത് അല്‍ഭുതകരമാണ്. അധികാരാരോഹണത്തിന്റെ തൊട്ടു മുന്‍പ് ശ്രീരാമന്‍ കാട്ടിലേക്കയക്കപ്പെടുന്നത് കൈകേഴിയുടെ ഇടപെടല്‍ വഴിയാണ്. യുദ്ധത്തിനിടെ തേരിന്റെ കീലി ഊരിപ്പോവുകയും അതിനു പകരം തന്റെ ചെറുവിരലുകള്‍ തല്‍സ്ഥാനത്ത് വെച്ച് കൊടുക്കുകയും ചെയ്ത കൈകേഴിക്ക് എന്തും ആ വ ശ്യപ്പെടാനു ള്ള വരം നല്‍കുകയായിരുന്നു ദശരധന്‍. പിന്നീട് ശ്രീരാമന്റെ കിരീട ധാരണ സമയത്ത് തന്റെ മകന്‍ ഭരതനെ രാജാവായി വാഴിക്കാന്‍ കൈകേഴി തനിക്ക് ലഭിച്ച വരം ഉപയോഗിച്ച് കരുക്കള്‍ നീക്കുകയും ഒടുക്കം രാമന്‍ വനവാസത്തിന് പോകേണ്ടി വരികയും ചെയ്തുവെന്നാണ് പുരാണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി മാറിയിട്ടും, നമ്മുടെ ഭരണാധികാരികള്‍ ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറുന്നവരായാട്ടും ഭരണകൂടങ്ങളിലുള്ള ഈ അവിഹിത ഇടപെടലുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഡല്‍ഹിയും സംസ്ഥാനങ്ങളുമൊന്നും ഇക്കാര്യത്തില്‍ ഒരു വേര്‍തിരിവും കാണിക്കുന്നില്ല. അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും മതിവരുവോളം ആസ്വദിച്ചിട്ടും ഭരണാധികാരികള്‍ ഇത്തരം ചതിക്കുഴികളില്‍ അറിഞ്ഞും അറിയാതെയും വീണു കൊണ്ടിരിക്കുക തന്നെയാണ്. ടു.ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് നീരാ റാഡിയ ഭരണകൂടത്തില്‍ ചെലുത്തിയ സ്വാധീനം കേട്ട് നാം സ്തബ്ധരായിപ്പോയിട്ടുണ്ട്. മധ്യ പ്രദേശിലെ വ്യാപം കുംഭകോണം അടക്കം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഇടപാടുകള്‍ക്ക് ഉദാഹരണം നിരവധി ക്യണ്. രാജഭരണം വഴിമാറി ജനാധിപത്യം പുലര്‍ന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ സംവിധാനം നിരന്തരം പരിവര്‍ത്തിക്കപ്പെട്ടിട്ടും കൊട്ടാരസുന്ദരികളുടെ ഇടപെടല്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എത്ര ശക്തനായ രാജാവാണെങ്കിലും ഉപജാപവൃന്ദത്തില്‍ അകപ്പെട്ട രാജ്ഞിയുടെ കുതന്ത്രങ്ങളില്‍ വീണു പോകുന്നതുപോലെ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണത്തിനാണ് രാഷ്ട്രീയ കേരളം ഈ ദിവസങ്ങളില്‍ സാക്ഷിയാകുന്നത്.

SHARE