ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചിരുന്നത് ദുബൈയിലെ വ്യാപാരി ഫാസില്‍; പുറത്തെത്തിക്കുന്നത് സ്വപ്‌ന- ചുരുളഴിയുന്നു

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നു. ദുബൈയിലെ വ്യാപാരിയായ ഫാസില്‍ ആണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ സരിത്താണ് ബാഗേജുകള്‍ കൈപറ്റുന്നത്. അവിടെ നിന്ന് സ്വര്‍ണം പുറത്തെത്തിക്കുകയാണ് സ്വപ്‌ന ചെയ്യുന്നത്.

ഭക്ഷണസാധനമെന്ന പേരിലാണ് ബാഗേജ് അയച്ചത്. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പാക്ക് ചെയ്ത് അയക്കുക എന്ന ചോദ്യമുണ്ട്. ഇതുസംബന്ധിച്ച് ദുബായ് കേന്ദ്രീകരിച്ച് കസ്റ്റംസ് സംഘം വിവരങ്ങള്‍ തേടുന്നതായാണ് സൂചന.

കേസില്‍ ചൊവ്വാഴ്ച കസ്റ്റംസ് കമ്മിഷര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും ഒരിടപാടിന് ലഭിക്കുന്നത് 25 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ സ്രാവുകള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയിരുന്നത് എന്നും കൂടുതല്‍ പേര്‍ ഇവര്‍ക്കു പിന്നിലുണ്ട് എന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്.

ഞായറാഴ്ചയാണ് ദുബായില്‍നിന്നു വിമാനത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നു ദിവസം മുന്‍പാണു കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വന്‍ കടത്തിന്റെ ചുരുളഴിഞ്ഞത്. കേരളത്തില്‍ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

SHARE