തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് പിടിയില്‍. ബെംഗലൂരുവില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറഞ്ഞത്.കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. കൊച്ചി കമ്മീഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ സഹായം തേടി കസ്റ്റംസ് അധികൃതര്‍ കമ്മീഷണര്‍ക്ക് ഇമെയിലായാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.