എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗികാരോപണം; തെളിവുണ്ടായിട്ടും സ്വപ്നയെ ക്രൈംബ്രാഞ്ച് പിടികൂടിയില്ല


കൊച്ചി: എയര്‍ ഇന്ത്യ സാറ്റ്സ് കേസില്‍ സ്വപ്നയുടെ പങ്കാളിത്തം വ്യക്തമാകുന്ന ക്രൈംബ്രാഞ്ചിന്റെ സത്യവാങ്മൂലം പുറത്ത്. എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പില്‍ ആള്‍മാറാട്ടം നടത്തി വ്യാജ മൊഴി നല്‍കാന്‍ സ്ത്രീകളെ നിയോഗിച്ചത് സ്വപ്നയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനെ വ്യാജ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചതിലാണ് സ്വപ്ന സുരേഷിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന സത്യവാങ്മൂലം ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്.

ആരോപണം അന്വേഷിക്കാനെത്തിയ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പില്‍ രണ്ട് വനിതകളെ ഹാജരാക്കിയതില്‍ സ്വപ്ന ആള്‍മാറാട്ടം നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്വപ്നയും കൂട്ടാളികളും വനിതാ ജീവനക്കാരോട് ആള്‍മാറാട്ടം നടത്തി വ്യാജ മൊഴി കൊടുപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.

അതേസമയം പരാതിയില്‍ പേരുള്ള 17 പേരില്‍ 16 പേര്‍ക്കും ഇതേപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇത്രയും തെളിവുകളുണ്ടായിട്ടും സ്വപ്നയെ ക്രൈംബ്രാഞ്ച് പിടികൂടിയില്ല എന്നതാണ് അവരുടെ ഉന്നത സ്വാധീനത്തിന് തെളിവ്.

കഴിഞ്ഞ മെയില്‍ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ ചൂണ്ടിക്കാട്ടി സ്വപ്ന ഒഴിഞ്ഞുമാറി. എന്നാല്‍ പിന്നീട് സ്വപ്നയെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതുമില്ല.

അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്.

ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ഓണ്‍ലൈനില്‍ ജാമ്യഹര്‍ജി ഏത് സമയവും ഫയല്‍ചെയ്യാം.
ചില ഉന്നതരുടെ സംരക്ഷണയിലാണ് സ്വപ്ന ഇപ്പോഴുള്ളതെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റംസ് എതിര്‍വാദം ഉന്നയിച്ചേക്കും.

അന്തര്‍ദേശീയ മാനങ്ങളുള്ള കേസില്‍ സ്വപ്നയുടെ മൊഴികള്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് നിലപാട്. ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ, റോ തുടങ്ങിയ ഏജന്‍സികള്‍ക്ക് ഈ കേസിലുള്ള താത്പര്യം കസ്റ്റംസ് കോടതിയെ അറിയിച്ചേക്കും.