ആരാണ് സ്വപ്‌ന? സരിതയേയും സ്വപ്‌നയേയും എങ്ങനെ വേര്‍തിരിക്കാം അണികള്‍ക്ക് പാര്‍ട്ടി ക്ലാസുമായി സിപിഎം

സ്വര്‍ണക്കടത്തു കേസ് വന്നതില്‍ പിന്നെ ആകെ അങ്കലാപ്പിലാണ് സിപിഎം. ശിവശങ്കറും സ്വപ്‌നയും സരിതും കൂടി ചേര്‍ന്ന് പാര്‍ട്ടിയെ നാലായി മടക്കിപ്പൂട്ടി ഒരു പരുവമാക്കി. പാര്‍ട്ടി സൈബര്‍ പോരാളികള്‍ക്ക് അധിക ഡ്യൂട്ടി എടുത്തിട്ടും ന്യായീകരിച്ച് മുന്നേറാന്‍ പറ്റാത്തത്ര വലിയ ഊരാകുടുക്ക്.

അന്ന് സരിത സരിത എന്നു പറഞ്ഞ് അധികാരക്കസേരയില്‍ ഇരിപ്പുറപ്പിച്ചവര്‍ക്ക് ഒരു കാവ്യനീതി പോലെ കാലം കാത്തു വച്ച മറുപടിയായായി സ്വപ്‌ന. ആ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികളോരോന്നും വെട്ടിത്തെളിച്ചു നോക്കുകയാണിപ്പോള്‍. വെട്ടിത്തെളിക്കാന്‍ വേണ്ടി ന്യായീകരിക്കും തോറും കൂടുതല്‍ കൂടുതല്‍ നാറ്റക്കേസുകളിലേക്കാണ് പാര്‍ട്ടി പോവുന്നതെന്നത് വേറെ സത്യം.

സരിതയുടെ കേസ് വന്നപ്പോള്‍ അതില്‍ അന്നത്തെ മുഖ്യമന്ത്രിയുണ്ടായിരുന്നു, സര്‍ക്കാര്‍ മൊത്തത്തില്‍ ഉണ്ടായിരുന്നു. ഭരണ കേന്ദ്രങ്ങളില്‍ ശക്തമായി സ്വാധീനിക്കാന്‍ കഴിയുന്ന സ്ത്രീയായിരുന്നു..എന്നിങ്ങനെ അന്ന് സരിതയെ ചുറ്റിക്കെട്ടാത്ത ഒരു സര്‍ക്കാര്‍ മേഖലയുമുണ്ടായിരുന്നില്ല. എന്നാലിന്നോ? സ്വപ്‌ന സ്വര്‍ണക്കടത്തു കേസിലെ പ്രതി മാത്രം. അവര്‍ക്ക് ഭരണ നേതൃത്വവുമായോ മറ്റോ ഒരു ബന്ധവുമില്ല. മറിച്ചുള്ള പ്രചാരണങ്ങളൊക്കെ വാസ്തവ വിരുദ്ധവും ധാര്‍മികതക്ക് നിരക്കാത്തതുമാണ്. കാര്യങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ വന്നിട്ടുണ്ട്, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും രണ്ടെണ്ണം അയക്കാം. എന്താല്ലേ, ഈ ന്യായീകരണ ജോലിക്കാരുടെ ഓരോ തമാശ..

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടാന്‍ പോവുന്ന ഏറ്റവും ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയായിരിക്കും. നേതൃത്വം അണികള്‍ എന്നില്ലാതെ അതിനെ ലളിതമായി നേരിടാനുള്ള വഴി അന്വേഷിക്കുകയാണ് ഇപ്പോള്‍. സൈബര്‍ സഖാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇതൊരറ്റത്ത് എത്തിക്കാന്‍ പറ്റില്ല എന്ന ഉന്നത വിലയിരുത്തലുണ്ട്. അതുകൊണ്ട് അത്യാവശ്യം സൈബര്‍ കുടുംബയോഗങ്ങളും ലിങ്ക് വഴി വാട്‌സാപ്പ് ഗ്രൂപ്പില്‍ കേറ്റി കാര്യങ്ങള്‍ വിശദീകരിക്കുന്ന ഏര്‍പാടും പിന്നെ വീടുകള്‍ തോറും കയറിയിറങ്ങലും അങ്ങനെ എന്തൊക്കെയോ പദ്ധതികളുണ്ട്. പദ്ധതികള്‍ വ്യത്യസ്തമാണെങ്കിലും പറയുന്നത് ഒറ്റക്കാര്യത്തെ പറ്റി മാത്രമാണ്. സ്വപ്ന.

ലോക്കല്‍ കമ്മിറ്റികള്‍ക്കും പഞ്ചായത്ത് കമ്മിറ്റികള്‍ക്കും കീഴില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിശദീകരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹ സന്ദര്‍ശനം നടത്താനും പദ്ധതിയുണ്ട്.