ലോക്ക്ഡൗണിന് തൊട്ടുമുമ്പ് സ്വപ്‌ന ദുബൈയിലേക്ക് പറന്നു, കൂടെ ഐ.ടി വകുപ്പിലെ ഉന്നതനും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് തൊട്ടു മുമ്പ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ദുബൈയിലേക്ക് പറന്നെന്ന് റിപ്പോര്‍ട്ട്. കൂടെ ഐ.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഉണ്ടായിരുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വെളിപ്പെടുത്തി. ഇടയ്ക്കിടെ വിദേശയാത്ര നടത്താറുള്ള സ്വപ്‌നയുടെ ഏറ്റവും ഒടുവിലത്തെ ദുബൈ സന്ദര്‍ശനമായിരുന്നു ഇത്.

തിരിച്ചു വരുന്ന വേളയില്‍ സ്വപ്‌നയും ഉദ്യോഗസ്ഥനും കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്‌നയ്ക്കും മറ്റൊരു പ്രതി സരിത്തിനും നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം പറയുന്നു. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലെ പി.ആര്‍.ഒ ആയിരുന്നു സരിത്ത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ട ഉടന്‍ തന്നെ ഐ.ടി വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി എത്തിയത് ഉന്നതങ്ങളിലെ ബന്ധം മൂലമാണ്. സ്വപ്‌നയുടെ ഇടപെടലുകളില്‍ സംശയം തോന്നിയ ചില ജീവനക്കാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. സംസ്ഥാന ഇന്റലിജന്‍സും ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ഒന്നും സംഭവിച്ചില്ല.

ലോക്ക്ഡൗണ്‍ കാലത്ത് നാലു പ്രാവശ്യമായി നൂറു കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായാണ് വിവരം. നാലാമത്തെ കടത്തിലാണ് 13.5 കോടി രൂപ മൂല്യമുള്ള 30 കിലോ സ്വര്‍ണം കണ്ടെടുത്തതും പ്രതികള്‍ വലയിലായതും.

സംഭവത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാര്‍ യു.എ.ഇയുടെ അനുമതി തേടി. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്‍മാരെയും ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. കേസ് ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയും അന്വേഷിക്കുന്നുണ്ട്.