സ്വപ്‌നയുടെ വക്കാലത്തെടുക്കാന്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍; താക്കീത് നല്‍കി തിരിച്ചയച്ച് കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ. ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരെ കോടതി താക്കീത് നല്‍കി തിരിച്ചയച്ചു. പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന എന്‍ഐഎ കോടതിയില്‍ ആളൂര്‍ അസോസിയേറ്റിലെ ജൂനിയര്‍ അഭിഭാഷകനായ ടിജോ അടക്കം ഏതാനും അഭിഭാഷകര്‍ എത്തിയിരുന്നു.

കോടതി നടപടി തുടങ്ങിയതോടെ ആളൂരിന്റെ ജൂനിയര്‍ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇതോടെ സ്‌പെഷ്യല്‍ ജഡ്ജ് സ്വപ്ന സുരേഷിനെ വിളിച്ച് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന് ആരാഞ്ഞു. എന്നാല്‍ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന കോടതിയെ അറിയിച്ചു. അഭിഭാഷകനെ വയ്ക്കുന്ന കാര്യം തന്റെ ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതോടെ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെട്ടു. ഇത് എന്‍ഐഎ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. നേരത്തെ യുദ്ധക്കപ്പലിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട എന്‍ ഐ എ കേസിലും സമാനമായ രീതിയില്‍ വക്കാലത്ത് ഏറ്റെടുക്കാന്‍ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷര്‍ ശ്രമിച്ചിരുന്നു. അന്നും പ്രതികള്‍ ഈ അഭിഭാഷകരെ അറിയില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.