പാളിച്ചകള്‍ അവസരമാക്കി കസ്റ്റംസ്; സ്വപ്നക്ക് വിനയായത് അമിത താല്‍പര്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിനും സ്വപ്നയ്ക്കും വിനയായത് ബാഗേജിന്റെ കാര്യത്തില്‍ കാണിച്ച അമിത താല്‍പര്യം. ബാഗേജ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു. സുമിത് കുമാര്‍ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോണ്‍സുലേറ്റ് ജീവനക്കാര്‍ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്.

കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയില്‍, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താല്‍പര്യവും ബാഗേജില്‍ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാന്‍ ഇടയാക്കിയതെന്നു സുമിത്കുമാര്‍ പറഞ്ഞു.

നയതന്ത്ര ബാഗേജ് ആയതിനാല്‍, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതിന് അനുമതി തേടാന്‍ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയര്‍ന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോണ്‍സുലേറ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥ മാതൃകയില്‍ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്.

SHARE