സ്വപ്നയ്ക്കും സരിത്തിനും ഒരിടപാടിന് ലഭിക്കുന്നത് 25 ലക്ഷം രൂപ; പിന്നില്‍ വമ്പന്‍ സ്രാവുകള്‍- അന്വേഷണം വഴിമുട്ടുമോ?

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും ഒരിടപാടിന് ലഭിക്കുന്നത് 25 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ സ്രാവുകള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയിരുന്നത് എന്നും കൂടുതല്‍ പേര്‍ ഇവര്‍ക്കു പിന്നിലുണ്ട് എന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിരവധി തവണ സ്വര്‍ണം കടത്തി എന്നാണ് വിവരം.

യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ് സരിത്ത്. സരിതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു എങ്കിലും നിരവധി പേരെ ഇയാള്‍ ഇപ്പോഴും ഇതേ മേല്‍വിലാസത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജോലിക്കാരിയായിരുന്നു സ്വപ്‌ന.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരിയും ഇവരാണ് എന്നാണ് പൊലീസിന്റെ നിഗമനം. ഐ.ടി വകുപ്പിനു കീഴിലെ കെ.എസ്.ഐ.ടിക്ക് കീഴില്‍ ഓപറേഷന്‍ മാനേജര്‍ ആയി ആണ് ഇവര്‍ ജോലി ചെയ്തിരുന്നത്. യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ആയും ജോലി ചെയ്തിട്ടുള്ള ഇവര്‍ക്ക് കോണ്‍സുലേറ്റുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

ഞായറാഴ്ചയാണ് ദുബായില്‍നിന്നു വിമാനത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നു ദിവസം മുന്‍പാണു കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വന്‍ കടത്തിന്റെ ചുരുളഴിഞ്ഞത്. കേരളത്തില്‍ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാറില്ല. ഇതാണു സ്വര്‍ണക്കടത്തുകാര്‍ മുതലെടുത്തത്. വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് കാര്‍ഗോ പരിശോധിക്കാനുള്ള അനുമതി കസ്റ്റംസ് നേടിയിരുന്നു.

അതിനിടെ, സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തുകയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിരം സന്ദര്‍ശകനാണെന്ന് അയല്‍വാസികള്‍ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റില്‍ മദ്യ സത്കാരം പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലാണ് സ്വപ്ന താമസിച്ചിരുന്നത്. നാല് വര്‍ഷത്തോളം സ്വപ്ന ഇവിടെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് വര്‍ഷമാണ് ഐടി സെക്രട്ടറി ഇവിടെ എത്തിയത്. പുറത്തുനിന്നുള്ള പലരും എത്തിയിരുന്നു. സ്ഥിരം മദ്യപാനം ഉണ്ടായിരുന്നു. കുഴഞ്ഞ അവസ്ഥയിലാണ് പലപ്പോഴും വീട്ടില്‍ വന്നു കയറുന്നത്. സെക്യൂരിറ്റി ഇവര്‍ക്കെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ സെക്യൂരിറ്റിയെ ഇവരുടെ ഭര്‍ത്താവ് മര്‍ദിച്ച് പൊലീസ് കേസായി. അത് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.