തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി വന്‍തോതില്‍ സ്വര്‍ണം കടത്തില്‍ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സയ്തലവി എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം പിടിയിലായ സരിത്ത്, റമീസ് എന്നിവര്‍ക്ക് പുറമെ ഇന്നലെ മൂന്ന് പേരുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.
മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരുന്നത്. ഇവര്‍ സ്വര്‍ണക്കടത്തില്‍ വലിയ നിക്ഷേപം നടത്തി എന്നാണ് കസ്റ്റംസ് പറയുന്നത്. പ്രതികളായ റമീസ് ജലാല്‍ സന്ദീപ് അംജത് അലി എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം കടത്താനുള്ള പണം സമാഹരിച്ചതെന്നാണ് കസ്റ്റംസ് നല്കുന്ന വിവരം. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികള്‍ക്ക് വില്ക്കാന് കരാറുണ്ടാക്കിയതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില വ്യാപാരികള്‍ക്കാണ് സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധമുള്ളതെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. ഇതുവരെ നാല് ജ്വല്ലറികള്‍ ഇത്തരത്തില്‍ അനധികൃത സ്വര്‍ണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാകും. സ്വര്‍ണക്കടത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടുണ്ട്.