നയതന്ത്ര അധികാരം മറയാക്കി സ്വര്‍ണം കടത്തിയ ആള്‍ മാത്രമോ! ആരാണ് സ്വപ്‌ന സുരേഷ്?

നയതന്ത്ര അധികാരം ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായി സ്വപ്‌ന സുരേഷിനെ കേരളം കേട്ടത് ഇന്നലെയാണ്. ഉച്ചക്ക് 12ഓടെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കള്ളക്കടത്തു കേസിലെ ഈ കണ്ണിയെ പുറത്തുവിട്ടത്. കേരളത്തെ പിടിച്ചു കുലുക്കാന്‍ പോന്ന രാഷ്ട്രീയ വിവാദമായി ഈ കേസ് ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു.

ആരാണ് സ്വപ്ന?
അബുദാബിയിലാണ് ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം. പിതാവ് പ്രവാസിയായിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷം തിരുവനന്തപുരത്ത് സ്ഥിര താമസമാക്കി. 2011-2012ല്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. പിന്നീട് 2013 മുതല്‍ മൂന്നുവര്‍ഷം എയര്‍ ഇന്ത്യ സാറ്റ്‌സിലും ജോലി നോക്കി. സാറ്റ്‌സില്‍ വെച്ച് വ്യാജരേഖ ചമച്ചതിനെ തുടര്‍ന്ന് ജോലി രാജിവെക്കേണ്ടി വന്നു. അതോടെ അബുദാബിയിലേക്കു തന്നെ മടങ്ങി.

പിന്നീട് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുടങ്ങിയപ്പോള്‍ അവിടെ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ചുരുങ്ങിയ കാലം കൊണ്ട് കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി. ഈ നിലയില്‍ നിന്ന് പല ഉന്നതരുമായി ബന്ധങ്ങള്‍ സ്ഥാപിച്ചു. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടി പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഇവര്‍.

വിവാഹിതയായിരുന്നു സ്വപ്‌ന. പിന്നീട് ബന്ധം വേര്‍പെടുത്തി മകളുമായി തിരുവനന്തപുരത്ത് താമസിക്കാന്‍ തുടങ്ങി. മലയാളത്തിനു പുറമെ അറബി, ഇംഗ്ലീഷ് ഭാഷകളും നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നതിനാല്‍ നാട്ടിലും യുഎഇയിലും ഉന്നത പരിപാടികളിലും മറ്റും വെച്ച് വലിയ ബന്ധങ്ങള്‍ സ്ഥാപിക്കാനായി. ഉന്നതര്‍ പങ്കെടുക്കുന്ന പരിപാടികളുടെ സംഘാടകയായും തന്റെ ബന്ധങ്ങള്‍ വളര്‍ത്തി.

കഴിഞ്ഞ കൊല്ലമാണ് ചില ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായത്. ഇതോടെ ഐടി വകുപ്പില്‍ കയറിപ്പറ്റുകയായിരുന്നു. എയര്‍ ഇന്ത്യയില്‍ ജോലിയില്‍ ആയിരുന്നപ്പോള്‍ വ്യാജരേഖ ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഈ അന്വേഷണം നിലനില്‍ക്കെ എങ്ങനെയാണ് സര്‍ക്കാരിന്റെ ഐടി വകുപ്പില്‍ ഇവര്‍ക്ക് പ്രവേശനം ലഭിച്ചത് എന്നത് ആശങ്കയുണര്‍ത്തുന്നു.

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിലിലാണ്. സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു.

SHARE