കൊച്ചി: രണ്ട് പേരുടെ പൗരത്വം റദ്ദ് ചെയ്ത് പുതുതായി രൂപം കൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാല്‍ രാജ്യം ശാന്തമാവുമെന്ന് സ്വാമി സന്ദീപാനന്ത ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി നിലപാട് വ്യക്തമാക്കിയത്.
അതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. ജാമിഅയിലെ പൊലീസ് അതിക്രമത്തിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.
സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബസിനും പൊലീസ് ബൂത്തിനും പ്രതിഷേധക്കാര്‍ തീയിട്ടതായി പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ഇത് പ്രതിഷേധക്കാര്‍ നിഷേധിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ബസുകള്‍ കത്തിച്ചത് പൊലീസുകാരും പുറത്തു നിന്നെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പോലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച് പ്രതിഷേധക്കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജഫറാബാദിലെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സീലംപൂര്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.