ആര്‍ത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകള്‍ ‍ അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കും; സ്വാമി കൃഷ്ണസ്വരൂപ്

ആര്‍ത്തവ സമയത്ത് ഭക്ഷണം പാകംചെയ്യുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ പട്ടികയായി ജനിക്കുമെന്ന് സ്വാമി കൃഷ്ണരൂപ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 68 ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ ആര്‍ത്തവ പരിശോധനയ്ക്ക് നിര്‍ബന്ധിതരാക്കിയ ഭുജ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പുകാരില്‍ ഒരാളാണ് കൃഷ്ണസ്വരൂപ്.

ഭുജ് ഹോസ്റ്റല്‍ ഭീകരതയെക്കുറിച്ചുള്ള വിവാദങ്ങള്‍ വളരെയധികം ചൂട് തുടരുന്നതിനിടയിലാണ് കൃഷ്ണസ്വരൂപ് മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ ചര്‍ച്ചയാകുന്നത്. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടിക്കെതിരായായിരുന്നു പ്രാകൃത നടപടി നടത്തിയത്. പരിശോധനയുടെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളെ വരിക്ക് നിര്‍ത്തിച്ച് പെണ്‍കുട്ടികള്‍ ആര്‍ത്തവ കാലത്തിലല്ലെന്ന് തെളിയിക്കാന്‍ അപമാനകരമായി നിര്‍ബന്ധിച്ചു അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നു തുടങ്ങിയ കുറ്റങ്ങള്‍ നിരത്തിയാണ് പരിശോധന നടന്നത്. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികള്‍ അടുക്കളയിലും ക്യാമ്പസിനോട് ചേര്‍ന്നുള്ള അമ്പലത്തിലും പ്രവേശിക്കരുതെന്നാണ് കോളജിലെ നിയമം. കുട്ടികള്‍ നിയമം ലംഘിക്കുന്നുവെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റിത റാണിംഗ പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നും ഇറക്കി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.


വിദ്യാര്‍ഥിനികളോട് അവരുടെ ആര്‍ത്തവ കാലത്തെ കുറിച്ച് പരസ്യമായി ചോദിക്കുകയും തുടര്‍ന്ന് വാഷ്‌റൂമില്‍വെച്ച് അവരുടെ അടിവസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന രീതി ക്യാമ്പസില്‍ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.വിഷയവുമായി സംബന്ധിച്ച് പ്രിന്‍സിപ്പലടക്കം നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.