കോഴിക്കോട്ടെ ഷഹീന്‍ബാഗ് നടത്തുന്നത് തീവ്രവാദികളാണെങ്കില്‍ അതിലെ ആദ്യത്തെ തീവ്രവാദി ഞാനായിരിക്കും; സ്വാമി അഗ്നിവേശ്

കോഴിക്കോട്: കടപ്പുറത്ത് മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരത്തെ തീവ്രവാദി സമരമെന്ന് വിളിച്ച കെ. സുരേന്ദ്രന് കനത്ത മറുപടിയുമായി പ്രമുഖ ഹിന്ദു പണ്ഡിതന്‍ സ്വാമി അഗ്നിവേശ്. ഷഹീന്‍ബാഗ് മാതൃകയിലുള്ള കോഴിക്കോട്ടെ സമരം നടത്തുന്നത് തീവ്രവാദികളാണെങ്കില്‍ അതിലെ ആദ്യത്തെ തീവ്രവാദി ഞാനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷഹീന്‍ബാഗ് സ്‌ക്വയറില്‍ വെച്ചുതന്നെയായിരുന്നു സ്വാമി അഗ്നിവേശിന്റെ ആര്‍ജവമുള്ള ഈ മറുപടി.

ഷഹീന്‍ബാഗ് സ്‌ക്വയറില്‍ അതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു സ്വമി അഗ്നിവേശ്. വേദിയിലേക്ക് കടക്കുന്നതിനിടെ കെ.സുരേന്ദ്രന്റെ തീവ്രവാദി പരാമര്‍ശത്തിലുള്ള അഭിപ്രായത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ‘ഈ സമരം നടത്തുന്നത് തീവ്രവാദികളാണെങ്കില്‍, അതിലെ ആദ്യത്തെ തീവ്രവാദി സ്വാമി അഗ്‌നിവേശ് എന്ന ഞാന്‍ ആകുന്നു. അതുകൊണ്ട് മോദിയുടെ പോലീസിനോട് ആദ്യം എന്നെ വന്ന് അറസ്റ്റ് ചെയ്യാന്‍ പറയൂ’ എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ മറുപടി.

സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സ്വീകരണത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഷാഹീന്‍ ബാഗ് മോഡല്‍ സമരമെന്ന് പറഞ്ഞ് തീവ്രവാദികള്‍ സമരം നടത്തുന്നു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അനുമതിയില്ലാതെയാണ് സമരം നടത്തുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ തീവ്രവാദികള്‍ കോഴിക്കോട് അഴിഞ്ഞാടുകയാണെന്നും തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.