മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ യുവമോര്‍ച്ച ആക്രമണം

ന്യൂഡല്‍ഹി: സോഷ്യല്‍ ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്‍ച്ച ആക്രമണം. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യക്ഷായ മാര്‍ഗില്‍ വെച്ചാണ് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെ ആക്രമിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഇന്നലെ രാവിലെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. സ്ഥലത്തെത്തിയ അഗ്നിവേശിനെ ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. ഇവര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നു. ഒരാള്‍ അഗ്നിവേശിനെ തള്ളി താഴെയിട്ടു. വനിത പ്രവര്‍ത്തകരിലൊരാള്‍ പിന്തുടര്‍ന്ന് ചെരുപ്പൂരി അടിക്കുകയായിരുന്നു. പൊലീസ് സുരക്ഷയൊരുക്കാതിരുന്നത് അക്രമത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.

ഝാര്‍ഖണ്ഡ് പാക്കൂരില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നു അഗ്നിവേശ് ആരോപിച്ചു. താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തടിച്ചു കൂടുകയും പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇവരുമായി എല്ലാകാര്യവും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അറിയിക്കുകയുണ്ടായി. എന്നാല്‍, ആരും ചര്‍ച്ച ചെയ്യാന്‍ എത്തിയില്ല. അക്രമണം കരുതി കൂട്ടി നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെ കരിങ്കൊടി കാട്ടുക മാത്രമാണ് ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അദ്ദേഹം മാവോവാദികള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അഗ്നിവേശിനെ പിന്തുണക്കുകയും ചെയ്യുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെതിരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം അഗ്നിവേശിന് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ച്ചയായി ആക്രമണമുണ്ടായിട്ടും സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു.