പൗരത്വപ്രതിഷേധം; കേരളം ഒന്നിച്ചുനിന്നത് മാതൃകാപരമെന്ന് സ്വാമി അഗ്നിവേശ്

കണ്ണൂര്‍: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്വാമി അഗ്‌നിവേശ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം പാസാക്കിയതിനെയും സ്വാമി അഭിനന്ദിച്ചു. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തടങ്കല്‍ കേന്ദ്രങ്ങള്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്‌നിവേശ് വിമര്‍ശിച്ചു. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നരേന്ദ്രമോദിയുടെ കൈവശം ഉണ്ടോ. തന്റെ പിതാവിന്റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്‌നിവേശ് ചോദിച്ചു.

അസമില്‍ അഞ്ചുലക്ഷം മുസ്ലിംകളാണ് പൗരത്വപട്ടികക്കു പുറത്തായിട്ടുള്ളത്. ഇവരെ മോദി എന്തു ചെയ്യും. കൊല്ലുമോ? ഇത്രയും പേരെ എത്രകാലം തടങ്കലില്‍ വെക്കാനാവും- സ്വാമി അഗ്നിവേശ് ചോദിച്ചു.

മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പി.പി ഉമ്മര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.