പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍; നേതാക്കള്‍ വീട്ടുതടങ്കലില്‍

വിശാഖപട്ടണം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് നിയമസഭാ അംഗീകാരം നല്‍കി. വിശാഖപട്ടണം, കര്‍നൂള്‍, അമരാവതി എന്നിവിടങ്ങളായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങള്‍. വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ് പുതിയ തീരുമാനം. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കിക്കൊണ്ടാണ് ജഗന്‍ മോഹന്‍ റെഢി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

അതേസമയം, തലസ്ഥാന മാറ്റാനുള്ള തീരുമാനത്തെ മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നയ്ഡു ശക്തമായി രംഗത്തുണ്ട്. തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ചിരുന്നു. വിജയവാഡയില്‍ പദയാത്ര നടത്തിയ നായിഡുവിനെയും മകന്‍ നാരാ ലോകേഷിനെയും സിപിഐ, സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. കാബിനറ്റ് യോഗത്തിന് മുന്നോടിയായി നിരവധി ആളുകളെ കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.

തലസ്ഥാനം അമരാവതിയിൽനിന്നു വിശാഖപട്ടണത്തിലേക്കു മാറ്റുന്നതിനായി ക്യാപിറ്റൽ റീജൻ ഡവലപ്മെന്റ് അതോറിറ്റി ആക്ട് (എപിസിആർഡിഎ) റദ്ദാക്കുന്നതിനുള്ള ബില്ലാണ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിനു മുന്നോടിയായി രാവിലെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ മന്ത്രിസഭ കൂടി ബില്ലിന് അംഗീകാരം നൽകിയിരുന്നു.

ആന്ധ്രപ്രദേശ് വികേന്ദ്രീകരണ തുല്യവികസന നിയമം നഗരവികസന മന്ത്രി ബി സത്യനാരായണയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ നാല് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും മൂന്ന് മുതല്‍ നാല് വരെ ജില്ലകളുള്‍പ്പെടുത്തി സന്തുലിതമായ വികസനം ഉറപ്പ് വരുത്തുന്നതാണ് പുതിയ നിര്‍ദേശം.

‘അമരാവതിയായിരിക്കും ആന്ധ്രയുടെ നിയമസഭാ തലസ്ഥാനം. നിയമനിര്‍മ്മാണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കും. വിശാഖപട്ടണം സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് തലസ്ഥാനമാകും. കര്‍ണൂല്‍ നഗരവികസന മേഖല ജുഡീഷ്യല്‍ തലസ്ഥാനവുമായിരിക്കും. രാജ്ഭവനെയും സെക്രട്ടേറിയറ്റിനെയും വിശാഖപട്ടണത്തേക്ക് മാറ്റും.’ ധനമന്ത്രി രാജേന്ദ്രനാഥ് പറഞ്ഞു.

ഭാവി തലസ്ഥാനം അമരാവതിയിൽനിന്നു മാറ്റാനുള്ള പ്രമേയം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപായി ആന്ധ്രാ പ്രദേശിൽ വീട്ടുതടങ്കലിലായത് 800 ലധികം രാഷ്ട്രീയ നേതാക്കളാണ്. ഗുണ്ടൂർ, വിജയവാഡ, അമരാവതി എന്നിവിടങ്ങളിൽ മാത്രം അറുപതോളം ടിഡിപി നേതാക്കൾ വീട്ടുതടങ്കലിലാണ്. സർക്കാർ നടപടി ഭീരുത്വമാണെന്നും കസ്റ്റഡിയിൽ ഉള്ളവരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു.

കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും തലസ്ഥാനവിഭജനത്തിനെതിരെ പ്രതിഷേധവുമായി എത്തി. തലസ്ഥാനം മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് അമരാവതി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

2014–ൽ ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോൾ, തലസ്ഥാന നഗരിയായിരുന്ന ഹൈദരാബാദ് തെലങ്കാനയിലായി. തുടർന്നാണ് അമരാവതി തലസ്ഥാനമായി വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയത്. അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്‍ഡു തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 28,000 ത്തിലധികം കർഷകർ 33,000 ഏക്കറിലധികം ഭൂമി ഇതിനായി വിട്ടുനൽകിയിരുന്നു. ഹൈക്കോടതിയടക്കം ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.  ഇതുവരെ 50,000 കോടിയിലധികം രൂപ മുതൽമുടക്കിയതിനു ശേഷം അമരാവതിയിൽനിന്നു തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനു യാതൊരു അർഥവുമില്ലെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു.