മന്ത്രിയുടെ വാഹനം ഏതാനും മിനിറ്റുകള്‍ ബ്ലോക്കില്‍ കുടുങ്ങിയതിന് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഏതാനും മിനിറ്റുകള്‍ ബ്ലോക്കില്‍ കുടുങ്ങിയതിന് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ശൂരനാട് മയ്യത്തുംകരയിലാണ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടേയും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങിയത്.

ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിലാല്‍, രാജേഷ്, റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ചിലെ എ.എസ്.പി നുക്‌യുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ പൊലീസ് മേധാവിയും സഞ്ചരിച്ച വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിന് മുന്നിലുണ്ടായ തിരക്കില്‍ എതാനും മിനിറ്റുകള്‍ കുടുങ്ങിയതിനാണ് ഗുരുതര സുരക്ഷാ വീഴ്ചയാരോപിച്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

SHARE