ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് റഷ്യന്‍ സഞ്ചാരി; സഹായം വാഗ്ദാനം ചെയ്ത് സുഷമ സ്വരാജ്

ചെന്നൈ: സ്വദേശത്തേക്ക് മടങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച റഷ്യന്‍ വിനോദസഞ്ചാരിക്കു സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എ.ടി.എം ബ്ലോക്ക് ആയതിനെതുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ മോസ്‌കോ സ്വദേശി ഇവാഞ്ചലിനാണ് ശ്രീകുമാരകോട്ടം ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിച്ചത്. ക്ഷേത്രനടയില്‍ ഭക്തരോട് ഭിക്ഷ യാചിക്കുന്ന ഇവാഞ്ചലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഷമ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
റഷ്യ എക്കാലവും ഇന്ത്യയുടെ സുഹൃത്താണെന്നും ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ താങ്കളെ സഹായിക്കുമെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു.
സെപ്തംബര്‍ 24നാണ് ഇവാഞ്ചലിന്‍ ചെന്നൈയിലെത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ച ഇദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തെത്തി. പണം പിന്‍വലിക്കുന്നതിനായി കാഞ്ചീപുരത്തെ എ.ടി.എം കൗണ്ടറിലെത്തിയെങ്കിലും പിന്‍ നമ്പര്‍ ലോക്ക് ആയതിനെത്തുടര്‍ന്ന് പണമെടുക്കാനായില്ല. തുടര്‍ന്നാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സുഷമ സ്വരാജിന്റെ നിര്‍ദേശപ്രകാരം ഇവാഞ്ചലിനെ ശിവകാഞ്ചി പൊലീസ് ചെന്നൈയിലെത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലെത്തി എംബസിയെ ബന്ധപ്പെടാനും പൊലീസ് നിര്‍ദേശം നല്‍കി. ഇവാഞ്ചലിന്റെ യാത്ര രേഖകളെല്ലാം കൃത്യമാണെന്നും പൊലീസ് വ്യക്തമാക്കി.

SHARE