ലൈംഗിക ആരോപണം; എം.ജെ അക്ബറിനെതിരായ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച് സുഷമ സ്വരാജ്

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അക്ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ പ്രതികരിച്ചില്ല.

‘ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണിത്. നിങ്ങള്‍ ഒരു വനിതാ മന്ത്രിയാണ്. ആരോപണങ്ങളില്‍ ഒരു അന്വേഷണം നടത്തുമോ’യെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ സ്മിത ശര്‍മയുടെ ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി നടന്നു നീങ്ങുകയായിരുന്നു.

ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. 1997ല്‍ നടന്ന സംഭവമാണ് പ്രിയ രമണി ഓര്‍ത്തെടുത്തത്. ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ അക്ബര്‍ മാധ്യമ മേഖലയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് ആ മേഖലയില്‍ പുതുമുഖമായിരുന്ന പ്രിയ, അക്ബര്‍ വിളിച്ചതു പ്രകാരം മുംബൈയിലെ ഹോട്ടലില്‍ രാത്രി ഏഴ് മണിക്ക് ചെന്നിരുന്നു. അഭിമുഖത്തിനെന്ന് പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാള്‍ വിളിച്ചത്. എന്നാല്‍ അയാളില്‍ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്‌തെന്നും പ്രിയ ആരോപിച്ചിരുന്നു.

SHARE