സുശാന്ത് സിങ് മരണത്തിനു മുമ്പ് സ്വന്തം പേര് ഗൂഗിള്‍ ചെയ്‌തെന്ന് മുംബൈ പൊലീസ്

മുംബൈ: മരിക്കുന്നതിന് മുമ്പ് നടന്‍ സുശാന്ത് സിങ് രാജ്പുത് ബൈപോളാര്‍ ഡിസോര്‍ഡറിനായി മരുന്ന് കഴിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മുംബൈ പൊലീസ്. നടന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങള്‍ പങ്കുവെച്ച കൂട്ടത്തിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം പൊലീസ് നടത്തിയത്.

മരിക്കുന്നതിനു മുമ്പ് താരം ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങളെ കുറിച്ചും അന്വേഷണ സംഘം വെളിപ്പെടുത്തി. മൂന്ന് കാര്യങ്ങളായിരുന്നു സുശാന്ത് പ്രധാനമായും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. സ്വന്തം പേരില്‍ വന്ന വാര്‍ത്തകളായിരുന്നു അക്കൂട്ടത്തില്‍ ഒന്നാമത്തേത്. സുശാന്ത് മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ മാനേജര്‍ ദിഷ സലിനെ കുറിച്ച് ഗൂഗിളില്‍ പരതായതാണ് രണ്ടാമത്തെ കാര്യം. മാനസാകാരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടിയതാണ് മൂന്നാമത്തെ കാര്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സുശാന്തിന്റെ ഫോണിലും ലാപ്‌ടോപ്പിലും നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

മാനേജറുടെ മരണവുമായി തന്നെ ബന്ധപ്പെടുത്തുമോ എന്ന ഭയമായിരുന്നു തിരച്ചലിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ”സുശാന്തിന് ബൈപോളാര്‍ വൈകല്യം ഉണ്ടായിരുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അതിനുള്ള ചികില്‍സയും തേടിയിരുന്നു, മരുന്നും കഴിച്ചിരുന്നു. എങ്കിലും ഏത് സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന കാര്യം പോലിസിന്റെ അന്വേഷണ പരിധിയിലുണ്ട്-മുംബൈ പോലിസ് മേധാവി പരം ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഒരു പാര്‍ട്ടിയിലെയും ഒരു രാഷ്ട്രീയനേതാവിന്റെ പേരും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുളള തെളിവുകളും ലഭച്ചിട്ടില്ല.

മരണത്തില്‍ നടി രേഹ ചക്രവര്‍ത്തിക്ക് പങ്കുണ്ടെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. താരത്തില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തതായും കുടുംബം പരാതിപ്പെട്ടു. അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പിതാവ് ബീഹാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അന്വേഷത്തിനിടയില്‍ ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. 18 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. 4.5 കോടി ഇപ്പോഴും അതിലുണ്ട്. രേഹ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്ക് പണം പോയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.