സുശാന്ത് രജ്പുത്തിന്റെ മരണം; കങ്കണയെ ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി കങ്കണയെ ചോദ്യം ചെയ്യും. താരത്തിനോട് പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതറിയിച്ച് മുംബൈ പൊലീസ് നടിക്ക് സമന്‍സ് അയച്ചു. ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലുള്ള നടിയോട് ബാന്ദ്ര പൊലീസിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 14ാം തിയതി ബാന്ദ്രയിലെ ഫല്‍റ്റില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സുശാന്ത് ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ ഇരയാണെന്ന് കങ്കണ വിഡിയോയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കങ്കണയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചതിന് കാരണം. അതേസമയം മാര്‍ച്ച് 17 മുതല്‍ നടി മണിലിയിലുള്ള വീട്ടിലാണെന്നും നടിയുമായി കൂടിക്കാഴ്ച നടത്താന്‍ പൊലീസ് സംഘത്തെ അവിടേക്ക് അയക്കണമെന്നുമാണ് കങ്കണയുടെ ടീം ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്ത് കേസില്‍ നിലവില്‍ സിനിമയിലെ ചില ആളുകളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ചബ്ബ്ര, യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്ര അടക്കമുള്ളവര്‍ ഇതിനോടകം പൊലീസില്‍ ഹാജരായി.

SHARE