സുശാന്തിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍


പട്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിഹാര്‍ സര്‍ക്കാര്‍. സുശാന്തിന്റെ കുടുംബം അഭിഭാഷകനായ വികാസ് സിംഗ് വഴി സമര്‍പ്പിച്ച അഭ്യര്‍ഥന മാനിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍ എന്നാണ് സിഎന്‍എന്‍ ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം അഭിഭാഷകന്‍ വഴി സര്‍ക്കാരിനോട് അഭ്യര്‍ഥന നടത്തിയത്.

മരണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.. ദുരൂഹതകള്‍ ഉയര്‍ത്തി ഓരോ ദിവസവും ഓരോ പുതിയ കഥകളാണ് പുറത്തു വരുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് താരത്തിന്റെ ആരാധകര്‍ അടക്കം തുടക്കം മുതല്‍ രംഗത്തുണ്ട്. കേസില്‍ ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും എന്നാണ് ആരോപണം. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും മുംബൈ പൊലീസിന്റെ കാര്യപ്രാപ്തിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന് കാട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയിരുന്നു.

SHARE