‘മയക്കുമരുന്നിന്റെ അടിമയാക്കി ചിത്രീകരിച്ച് അവര്‍ സുശാന്തിനെ കൊലപ്പെടുത്തുകയായിരുന്നു’: ഗുരുതര ആരോപണവുമായി കങ്കണ

മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കങ്കണ ബോളിവുഡിലെ മാഫിയകള്‍ക്കെതിരേ തുറന്നടിച്ചത്. സുശാന്ത് സിങ് എന്ന നടനെ എല്ലാവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് നയിച്ചു. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണ്. ഒരാളെ മരണംവരെ കൊണ്ടെത്തിക്കുന്നതിനെ കൊലപാതകം എന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് കങ്കണ പറഞ്ഞു.

നിര്‍മാതാക്കളായ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, സംവിധായകന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചത്. ”രാംലീല, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സഞ്ജയ് ലീല ബന്‍സാലി ആദ്യം സമീപിച്ചത് സുശാന്ത് സിങ് രജ്പുതിനെയായിരുന്നു. അദ്ദേഹം ഈ സിനിമ ചെയ്യാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ ജോലികള്‍ പുരോഗമിക്കവെ നിര്‍മാതാവ് ആദിത്യ ചോപ്ര ഇടപെടലുകള്‍ നടത്തി. സുശാന്തിനെ മാറ്റി രണ്‍വീര്‍ സിംഗിനെ നായകനാക്കി. ഇത് സഞ്ജയ് ലീല ബന്‍സാലി പൊലീസിന് നല്‍കിയ മൊഴിയാണ്. ഞാന്‍ പറയുന്ന കാര്യമല്ല കങ്കണ പറഞ്ഞു.

സുശാന്ത് നായകനായ ഡ്രൈവ് എന്ന ചിത്രം വിതരണക്കാര്‍ എടുക്കുന്നില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. കരണിനെ പോലൊരു നിര്‍മാതാവിന് വിതരണക്കാരെ കിട്ടുന്നില്ലെന്ന് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?. കരണിന്റെ മോശം സിനിമകളെല്ലാം എത്ര നന്നായാണ് അയാള്‍ വില്‍ക്കുന്നത്. എന്നോടൊരിക്കല്‍ അഭിനയം നിര്‍ത്തി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പോയി പഠിക്കണം എന്ന് കരണ്‍ പറഞ്ഞു. പരിഹാസമായിരുന്നു അയാള്‍ ഉദ്ദേശിച്ചത്. എന്നോട് അഭിനയം നിര്‍ത്തണമെന്ന് പറയാന്‍ കരണ്‍ ആരാണ്.

അതുപോലെ മഹേഷ് ഭട്ട് സുശാന്തിന് കൗണ്‍സിലിങ് കൊടുക്കാന്‍ ചെല്ലാറുണ്ടെന്ന് റിയ പറയുന്നു. ആരാണ് ഈ മഹേഷ് ഭട്ട് അയാള്‍ ആരാണ് അങ്ങിനെ ചെയ്യാന്‍. സുശാന്തിനെ വളരെ ദുര്‍ബലനായ വ്യക്തിയായി ചിത്രീകരിച്ചു. അതവര്‍ക്ക് ആവശ്യമായിരുന്നു. ആലിയ ഭട്ട് പങ്കെടുത്ത കോഫി വിത്ത് കരണ്‍ ഷോയില്‍ സുശാന്തിന് നേരിടേണ്ടി വന്ന അപമാനം. ചിച്ചോരെ എന്ന ചിത്രം മികച്ചതായിരുന്നു. എന്നാല്‍ പുരസ്‌കാരം മുഴുവന്‍ ശരാശരി ചിത്രമായ ഗലി ബോയിക്ക്. സുശാന്തിനെ ബലാത്സംഗ വീരനും മയക്കുമരുന്നിന് അടിമയാക്കിയും ഇവരുടെ വൃത്തങ്ങളിലുള്ള മാധ്യമങ്ങള്‍ ചിത്രീകരിച്ചു.

ഞാനും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയതാണ്. ഞാന്‍ ഭാവിയില്‍ സിനിമയിലുണ്ടാകില്ലെന്നും കരിയര്‍ ഉടനെ തീരുമെന്നും അവര്‍ പറഞ്ഞു നടന്നു. എന്നെ ഭാന്ത്രിയായി ചിത്രീകരിച്ചു. എനിക്കും ആത്മഹത്യ ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. ഇവരോടെല്ലാം യുദ്ധം ചെയ്താണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതും. ഒടുവില്‍ സംവിധാനം ചെയ്തതും കങ്കണ പറഞ്ഞു.സുശാന്തിന്റെ മരണവുമായി സംബന്ധിച്ച കേസില്‍ മൊഴി നല്‍കാന്‍ കങ്കണയെ മുംബൈ പൊലീസ് വിളിച്ചിരുന്നു. പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയയ്ക്കാമോയെന്ന് തിരക്കിയിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തി.

ജൂണ്‍ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത വിഷാദ ഗോരമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനങ്ങള്‍.