സുശാന്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിറഞ്ഞത് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍

ബോളിവുഡ് യുവനടന്മാരില്‍ ഏറെ പ്രതീക്ഷ പകര്‍ന്നിരുന്ന സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ താരത്തിന്റെ മരണം ആത്മഹത്യയാണ് എന്ന് കരുതപ്പെടുന്നു. മരണവുമായി ബന്ധപ്പെട്ടു മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

താരത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തില്‍ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂണ്‍ മൂന്നിന് ഷെയര്‍ ചെയ്ത പോസ്റ്റില്‍ സുശാന്ത് പറയുന്നത്.

‘നിങ്ങള്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോള്‍ നിങ്ങളുടെ ഓര്‍മകളില്‍ ജീവിക്കുന്നു. ഒരു നിഴല്‍ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്. നിങ്ങള്‍ ഓര്‍ക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാന്‍ പുഞ്ചിരിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേര്‍ക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,’ അമ്മയെ കുറിച്ച് ഒരിക്കല്‍ സുശാന്ത് എഴുതിയ വരികള്‍ ഇങ്ങനെ.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളര്‍ത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം കുടുംബത്തെ ആകെ തളര്‍ത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്‌ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്.

SHARE