പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ; മലപ്പുറത്തിന് അഭിവാദ്യമെന്ന് സൂര്യ

ചെന്നൈ: കരിപ്പൂരില്‍ വിമാന അപകടത്തില്‍ മരിച്ചവവര്‍ക്ക് ആദരമര്‍പ്പിച്ച് നടന്‍ സൂര്യ. രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനങ്ങളെ അഭിവാദ്യമര്‍പ്പിച്ചും സൂര്യ രംഗത്തെത്തി. വിമാനപകടത്തില്‍ ജീവന്‍ നഷ്ടമായ പൈലറ്റുമാര്‍ക്ക് താരം ആദരമര്‍പ്പിച്ചു. ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

190 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം വെള്ളിയാഴ്ച രാത്രിയാണ് റണ്‍വേയില്‍ നിന്ന് തെറിച്ച് താഴേക്ക് പതിച്ചത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കോവിഡിനെ വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. സ്വന്തം വാഹനങ്ങളില്‍ തന്നെ അവര്‍ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. രക്തം നല്‍കാനും നിരവധി പേര്‍ ആശുപത്രികളിലെത്തി.

മുഖ്യമന്ത്രിയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരും മലപ്പുറത്തുകാരുടെ സഹജീവി സ്‌നേഹത്തെ ഉദാത്ത മാതൃകയെന്ന് പ്രശംസിച്ചിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ഇന്ന് ക്വാറന്റൈനില്‍ കഴിയുകയാണ്.

SHARE