യു.പി.എ കാലത്ത് 11 സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍; ആരുമത് പറഞ്ഞുനടന്നിട്ടില്ല: ചന്ദ്രശേഖര്‍ റാവു

ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് ഇന്ത്യ 11ഓളം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അതേസമയം വോട്ട് നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. മിര്‍യാല്‍ഗുഡയില്‍ തെരഞ്ഞെടുപ്പ് റാലിയെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ ഭരണകാലത്ത് താന്‍ കാബിനറ്റ് മന്ത്രിയായിരിക്കെ, 11ഓളം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ട്. ഞങ്ങളാരും അത് പറഞ്ഞുനടന്നിട്ടില്ല. എന്നാല്‍ മോദി നിരന്തരം അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ദാരിദ്ര്യം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍, ആരെങ്കിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ളവ പറഞ്ഞ് വോട്ട് ചോദിക്കുമോ എന്ന് ചന്ദ്രശേഖര്‍ റാവു ചോദിച്ചു. വോട്ട് നേടാനാണ് പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെക്കുറിച്ച് നിരന്തരം പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പാവപ്പെട്ടവര്‍, കര്‍ഷകര്‍, ദലിത്, പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി എന്താണ് ചെയ്തതെന്ന് മോദി വ്യക്തമാക്കണമെന്നും റാവു പറഞ്ഞു.

SHARE