കോവിഡ് 19 (കൊറോണ) ലോകമെമ്പാടും വ്യാപിച്ച സാഹചര്യത്തില്‍ മാസ്‌കുകളുടെ ഉപയോഗം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ആരൊക്കെയാണ് മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്? എങ്ങനെ ഉപയോഗിക്കണം? എന്നിങ്ങനെ പൊതുജനം അറിയേണ്ടതായ പല കാര്യങ്ങളുമുണ്ട്. നിരവധി തരം മാസ്‌കുകള്‍ ഉണ്ടെങ്കിലും സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കില്‍ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്‌ക് ആണ്.
സര്‍ജിക്കല്‍ ഫേസ് മാസ്‌ക് ആരാണ് ഉപയോഗിക്കേണ്ടത്?
രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആളുകളാണ് സര്‍ജിക്കല്‍ ഫേസ് മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകര്‍ച്ച ഒരു പരിധി വരെ തടയും.
എന്താണ് ഫേസ് മാസ്‌ക്?
ലെയറുകളുള്ള മാസ്‌കാണ് രോഗികള്‍/ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ധരിക്കേണ്ടത്. നീല (അല്ലെങ്കില്‍ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉള്‍വശത്തായും വരും രീതിയിലാണ് മാസ്‌ക് ധരിക്കേണ്ടത്. ഇതിനിടയില്‍ ഇടയില്‍ നാം കാണാത്ത ഒരു പാളിയും ഉണ്ട്. പുറമെ നിന്നുള്ള ബാഷ്പത്തെയും വലിയ കണിക കളെയും ഒരു പരിധി വരെ ഈ പാളി തടയും. മറ്റുള്ളവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. പുറത്തു നിന്നും വരുന്ന വലിയ കണികകളെ ഒരു പരിധി വരെ തടയും എങ്കിലും സൂക്ഷ്മ രോഗാണുക്കള്‍ ഉള്ളില്‍ എത്തുന്നത് അത്രയ്ക്ക് തടയുന്നില്ല.
ഉള്‍ഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്. നമ്മള്‍ തുമ്മുമ്പോള്‍, സംസാരിക്കുമ്പോള്‍ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികള്‍ ആ ലെയറില്‍ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും.
രോഗം ഇല്ലാത്തവര്‍ ഇത്തരം മാസ്‌ക് ഉപയോഗിക്കേണ്ടതുണ്ടോ?
ഉപയോഗിക്കുന്നതിന് അധിക പ്രാധാന്യം ഇല്ല.
അനാവശ്യമായി മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് ഉള്ള പ്രശ്‌നങ്ങള്‍ .
- സുരക്ഷിതരാണെന്ന് മിഥ്യാബോധമുണ്ടാവുമ്പോള്‍ മറ്റ് മുന്‍ കരുതലുകള്‍ അവഗണിക്കപ്പെടാം. ഇത്തരം ഒരു മാസ്‌ക് ധരിച്ചു എന്നത് കൊണ്ട് നാം പൂര്‍ണമായും സേഫ് ആണെന്ന് കരുതിക്കൊണ്ടു മറ്റു സുരക്ഷാ നിര്‍ദേശങ്ങളില്‍ അശ്രദ്ധ കാണിക്കുന്നതോ, രോഗപ്പകര്‍ച്ച കൂടുതല്‍ വരാനുള്ള സാഹസിക പ്രവര്‍ത്തികള്‍ കാണിക്കുന്നതോ അഭികാമ്യം അല്ല.
- അനാവശ്യമായ ചെലവ്.
- അനാവശ്യമായി മാസ്‌കുകള്‍ ഏവരും വാങ്ങിക്കൂട്ടിയാല്‍ ദൗര്‍ലഭ്യം ഉണ്ടാവാനും, ഇത് അവശ്യം വേണ്ടവര്‍ക്ക് കിട്ടാതാവാനും സാധ്യത ഉണ്ട്.
അപ്പോള്‍ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും മറ്റും എങ്ങനെ രോഗാണുക്കളില്‍ നിന്നു സുരക്ഷ നേടും?
ആരോഗ്യപ്രവര്‍ത്തകരെ ഉദ്ദേശിച്ചു നിര്‍മിച്ചിരിക്കുന്ന സുരക്ഷാ മാസ്‌കുകള്‍ പലവിധം ഉണ്ട്. അതില്‍ പ്രമുഖം N95 മാസ്‌ക് അഥവാ respirator ആണ്. ഇത് സാധാരണ ജനങ്ങള്‍ വാങ്ങിച്ച് ഉപയോഗിക്കുന്നത് അനാവശ്യമാണ്.
മുഖത്ത് അമര്‍ന്നിരിക്കുന്ന ഈ മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ശ്വാസം എടുക്കാന്‍ അല്പം പ്രയാസം നേരിടാം. ആയതിനാല്‍തന്നെ കൂടുതല്‍ നേരം അടുപ്പിച്ച് ഇത് ഉപയോഗിക്കാന്‍ പറ്റില്ല. മാത്രമല്ല രോഗങ്ങള്‍ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതല്‍ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടാന്‍ കാരണമായേക്കും.
മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നടപടികള്‍
- മാസ്‌ക് ധരിക്കും മുന്‍പും പിന്‍പും കൈകള്‍ അണുവിമുക്തം ആക്കണം, ഇതിനായി ആല്‍ക്കഹോള്‍ ബേസ്ഡ് ഹാന്‍ഡ് റബ് അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നിര്‍ദ്ദിഷ്ട രീതിയില്‍ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
- ഉള്ളില്‍ മെറ്റാലിക് ഭാഗം ഉള്ള മാസ്‌കിന്റെ മുകള്‍ ഭാഗം മൂക്കിന് മുകളില്‍ ആയി മൂക്കും വായും മൂടുന്ന രീതിയില്‍ വച്ചതിനു ശേഷം, വള്ളികള്‍ പിന്നില്‍ കെട്ടുകയോ, ചെവിയില്‍ വള്ളികള്‍ കുടുക്കുകയോ ചെയ്യുക.
- നിങ്ങളുടെ മുഖവും മാസ്‌കും തമ്മില്‍ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
- ഉപയോഗത്തിലായിരിക്കുമ്പോള്‍ മാസ്‌കില്‍ സ്പര്‍ശിക്കരുത്.
- മാസ്‌ക് നനയുകയോ ഉപയോഗശൂന്യമാവുകയോ നിശ്ചിത സമയം കഴിയുകയോ ചെയ്താല്‍ സുരക്ഷിതമായി നീക്കം ചെയ്യുക.
- മാസ്‌ക് അഴിച്ചെടുക്കുമ്പോള്‍ മാസ്‌കിന്റെ മുന്നില്‍ (മുഖത്തെ ആവരണം ചെയ്തിരിക്കുന്ന ഭാഗത്ത്) സ്പര്‍ശിക്കരുത്. പിന്നില്‍, അതിന്റെ ലേസില്‍ പിടിച്ച് അഴിച്ചെടുക്കുക.
- അബദ്ധത്തിലെങ്ങാനും അങ്ങനെ സ്പര്‍ശിക്കാനിടയായാല്‍ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ രീതിയില്‍ കൈകള്‍ ശുചിയാക്കുക.
- ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്‌കുകള്‍ വീണ്ടുമുപയോഗിക്കരുത്.
- മാസ്‌ക് അതിന്റെ വള്ളിയില്‍ മാത്രം പിടിച്ചു കൊണ്ട് അടപ്പുള്ള വേസ്റ്റ് പിന്നില്‍ നിക്ഷേപിക്കുക.
- ഇതിനു ശേഷവും മുന്‍ പറഞ്ഞ പോലെ കൈകള്‍ ശുചിയാക്കുക.
സാധാരണ സര്‍ജിക്കല്‍ മാസ്‌കാണെങ്കില്‍ 46 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റുന്നതാണുചിതം. N95 മാസ്‌കുകള്‍ 4 മണിക്കൂറിലധികം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. രോഗീ പരിചരണത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 4 മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് ഡ്യൂട്ടി നല്‍കുന്നതിന്റെ ഒരു കാരണവും ഇതാണ്.
മാസ്‌ക് ഉപയോഗിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ
പൊതുജനങ്ങള്‍ ചെയ്യേണ്ടത്
കൈകളുടെ ശുചിത്വം മേല്‍പ്പറഞ്ഞ രീതിയില്‍ പാലിക്കുക.
പൊതു സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
ഇടയ്ക്കിടെ മുഖത്തും മൂക്കിലും വായിലും കണ്ണിലും മറ്റും പിടിക്കാതെ ഇരിക്കുക. ഇതത്ര എളുപ്പമല്ല, നിങ്ങളറിയാതെ തന്നെ കൈ മുഖത്തെത്തും, അതും ഒരു മണിക്കൂറില്‍ പലതവണ. അതുകൊണ്ട് ഇടയ്ക്കിടെയുള്ള കൈ കഴുകല്‍ ശീലമാക്കുക.
ആശുപത്രി പരിസരത്തെത്തുമ്പോള്‍ ഷാളോ സാരിയോ ഉപയോഗിച്ച് മുഖം മൂടുന്ന പ്രവണതയുണ്ട് പലര്‍ക്കും. മൂടാത്തതിനേക്കാള്‍ അപകടകരമാണ് അത്. കാരണം, ഷാള്‍, സാരി എവിടെയൊക്കെ സമ്പര്‍ക്കം വന്നു എന്ന് അറിയില്ല. കൂടുതല്‍ അപകടകരമാവാം.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കൈലേസുകളോ ടിഷ്യു പേപ്പറോ ഉപയോഗിക്കണം. അതില്ലെങ്കില്‍ മടക്കിയ കൈ മുട്ടിനുള്ളിലേക്ക് തുമ്മുക. ഒരിക്കലും കൈപ്പത്തികൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.
ചുരുക്കിപ്പറഞ്ഞാല്‍ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്നവരും അടുത്ത് ഇടപഴകുന്നവരും മാസ്‌കും മറ്റ് വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും ഉപയോഗിക്കണം. മാസ്‌കിനെ പറ്റിയും ധരിക്കേണ്ട രീതിയെ പറ്റിയും എല്ലാവരും അറിയണം, പക്ഷേ എല്ലാവരും മാസ്‌ക് ധരിച്ച് നടക്കേണ്ട കാര്യവുമില്ല. മറ്റു വ്യക്തി ശുചിത്വ മാര്‍ഗങ്ങള്‍ക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.