നായകനായി ദുല്‍ഖര്‍ സല്‍മാന്‍ വേണം; ജീവചരിത്ര സിനിമയെ കുറിച്ചുള്ള ആഗ്രഹം പങ്കുവച്ച് സുരേഷ് റെയ്‌ന

മുംബൈ: കായിക താരങ്ങളുടെ ജീവചരിത്ര സിനിമകള്‍ക്ക് ബോളിവുഡ് എന്നും ആവേശകരമായ സ്വീകരണമാണ് നല്‍കിയിട്ടുള്ളത്. കപില്‍ ദേവ്, അസ്ഹറുദ്ദീന്‍, എംഎസ് ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം ഇതിനകം സിനിമയായി കഴിഞ്ഞു. എന്നാല്‍ തന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുമെങ്കില്‍ അതില്‍ നായക കഥാപാത്രം ആരായിരിക്കണം എന്ന ആഗ്രഹം തുറന്നു പറയുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് റെയ്‌ന ആഗ്രഹം വെളിപ്പെടുത്തിയത്.

റെയ്‌നയുടെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് അഭിനയിക്കേണ്ടത് എന്നതായിരുന്നു ചോദ്യം. ഉത്തരമായി രണ്ട് പേരാണ് താരം പറഞ്ഞത്. ഒന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. രണ്ടാമത്തെ പേര് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍.

നേരത്തെ റെയ്‌നയും ദുല്‍ഖറും ഒരു പരിപാടിയില്‍ ഒന്നിച്ചു പങ്കെടുത്തിരുന്നു. ചെന്നൈ സൂപ്പര്‍കിങ്സ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്നയ്ക്കൊപ്പമുള്ള ചിത്രം അന്ന് ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഐ.പി.എല്ലില്‍ താന്‍ ചെന്നൈ ആരാധകനാണ് എന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

https://twitter.com/ImRaina/status/1271787901035020289

ദുല്‍ഖര്‍ നേരത്തേ സോയഫാക്ടര്‍ എന്ന ബോളിവുഡ് സിനിമയില്‍ ക്രിക്കറ്റ് താരമായി അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിനു മാത്രമല്ല ബോളിവുഡിനും പ്രിയതാരമാണ് ദുല്‍ഖര്‍. സോയാഫാക്ടറില്‍ സോനം കപൂറായിരുന്നു ദുല്‍ഖറിന്റെ നായിക.

SHARE