ലഖ്നൗ: ലയണല്‍ മെസിയുടെ ഗോള്‍ അനുകരിച്ച് സോഷ്യല്‍മീഡിയയെ അമ്പരപ്പിച്ച മിഷാല്‍ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. മിഷാലിന്റെ ഗോളടി മികവിനെ തന്റെ ഇന്‍സ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടില്‍ സ്റ്റോറി ആക്കുകയായിരുന്നു റെയ്ന.
‘നമ്മളുടെ സ്വന്തം കേരളത്തില്‍ നിന്ന് നമ്മളുടെ സ്വന്തം മെസി.’ എന്ന അടികുറിപ്പോടെയാണ് റെയ്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ മിഷാലിന്റെ ഫ്രീകിക്ക്.
മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍. നാലാം ക്ലാസ് മുതല്‍ സഹോദരന് വാജിദിനൊപ്പം ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതാണ്. മലപ്പുറം ജില്ലാ ടീമിന്റെ മുന്‍ ഗോള്‍കീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.
മെസിയുടെ കടുത്ത ആരാധകനായ മിഷാല്‍, പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങള്‍ ഉള്‍പ്പെടെ അനുകരിച്ചാണ് പ്രകടനം കാഴ്ചവച്ചത്.